നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്റ് ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കുക.
പട്യാല ഹൈസ് കോടതിയാണ് മരണവാറന്റ് പുറപ്പെടുവിച്ചത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന് ഗുപ്ത, മുകേഷ് എന്നിവരെയാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്നും അവര്‍ പറഞ്ഞു.
പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറന്റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
മൂന്നുമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. ആ സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും അഭിഭാഷകരും പൊലീസും മാത്രമാണ് കോടതിമുറിയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക