ഇന്ത്യയിലെ ഉപയോക്താക്കൾ 5 ജി വയർലെസ് നെറ്റ്വർക്ക് പ്രതീക്ഷിച്ചിരിക്കുകയാണ്. ഈ വർഷം തന്നെ 5ജി പരീക്ഷണാടിസ്ഥാനത്തിൽ കമ്പനികൾ വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ ഇപ്പോഴും 5 ജി നെറ്റ്വർക്ക് കാത്തിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ ഇതിനകം 5 ജിയും കഴിഞ്ഞ് 6ജിയിലേക്കുള്ള ചുവട് വയ്പ്പുകളും ആരംഭിച്ചു കഴിഞ്ഞു.
ജപ്പാനിലെ എൻടിടി ഡോകോമോ 2030ൽ 6 ജി വയർലെസ് സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 6ജി വയർലെസ് നെറ്റ്വർക്ക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാനുള്ള ശരിയായ നടപടികൾ വികസിപ്പിക്കുന്നതിന് ജപ്പാനിലെ സർക്കാർ ഉദ്യോഗസ്ഥർ ഒരു പാനൽ രൂപീകരിക്കും.
5ജിക്ക് ശേഷമുള്ള 6-ാം തലമുറ നെറ്റ്വർക്കിന്റെ വികാസത്തിന് ഈ വർഷം തന്നെ തുടക്കമാവുമെങ്കിലും ഇത് പ്രാവർത്തികമാവാൻ കുറച്ച് കാലം കാത്തിരിക്കണം. റിപ്പോർട്ടുകൾ പ്രകാരം 6 ജി നെറ്റ്വർക്ക് 5 ജി നെറ്റ്വർക്കിനെക്കാൾ 10 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് നൽകുമെന്നാണ് കരുതുന്നത്.
കണക്കുകളിലും കടലാസുകളിലും ഒതുങ്ങിയിരുന്ന 6ജി സാങ്കേതിക വിദ്യ ഇപ്പോൾ യാഥാർത്ഥ്യമാവാൻ പോവുകയാണ്. 6 ജി സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വികസനത്തിനുമായി എൻടിടി ഡോകോമോ ഇതിനകം തന്നെ 2.03 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.
നിലവിൽ 6 ജി സാങ്കേതികവിദ്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സാങ്കേതിക നവീകരണം കണക്കിലെടുക്കുമ്പോൾ 6 ജി സാങ്കേതികവിദ്യ 5 ജി സാങ്കേതികവിദ്യയിൽ കാണുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യതയുണ്ട്.
കൂടാതെ മികച്ച റെയിഞ്ച്, കണക്റ്റിവിറ്റി, ഇന്റർനെറ്റ് വേഗത എന്നിവ 6ജി വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.
5 ജി സാങ്കേതികവിദ്യയുടെ കഴിവുകൾ മൊബൈൽ നെറ്റ്വർക്കിനപ്പുറത്തേക്ക് പോകുന്ന ഒന്നാണ്. കൃഷി, വൈദ്യം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി ഒന്നിലധികം മേഖലകളിൽ ഇത് ഉപയോഗിക്കും.
6 ജി സാങ്കേതികവിദ്യ ഇതുപോലെ കൂടുതൽ മൊബൈൽ നെറ്റ്വർക്ക് ഇതര ആവശ്യങ്ങളിലക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ 5 ജി സാങ്കേതികവിദ്യ വരാനിരിക്കുന്ന ഒരു കാര്യമാണ്. ഇതുവരെ സ്പെക്ട്രം ലേലമോ പരീക്ഷണമോ നടത്തിയിട്ടില്ല. എന്നിരുന്നാലും, ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയ്ക്ക് ഈ വർഷം 5 ജി ലഭിക്കും എന്ന് ഉറപ്പാണ്.
ഇന്ത്യയിൽ 6ജി സാങ്കേതക വിദ്യ എപ്പോൾ എത്തുമെന്നത് ഇപ്പോൾ ഉത്തരം പറയാനാവുന്ന ചോദ്യമല്ല. 5ജി രാജ്യത്താകമാനം ലഭ്യമാവുകയും 6ജി മറ്റ് വികസിത രാജ്യങ്ങളിൽ സജീവമാവുകയും ചെയ്തതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.
എന്തായാലും അത് 2030ന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക