മുംബൈ: ഡെയിംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് കമ്പനി ഭാരത് ബെന്‍സ് ശ്രേണിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പുത്തന്‍ വാണിജ്യ വാഹനനിരകള്‍ അവതരിപ്പിച്ചു.
ഒരു ഡസനിലേറെ വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളുമാണ് മുംബയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ബി.എസ്-6 ഇന്ധനം ലഭ്യമായ സ്ഥലങ്ങളില്‍ ഇവ ആദ്യഘട്ടത്തില്‍ എത്തിക്കും. പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
മികച്ച ഇന്ധനക്ഷമത, ഉയര്‍ന്ന സുരക്ഷ, കണക്ടിവിറ്രി എന്നിങ്ങനെ ഉപഭോക്തൃ സൗഹൃദ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുത്തന്‍ വാഹനനിരകള്‍ അവതരിപ്പിക്കുന്നതെന്ന് ഡെയിംലര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സത്യകം ആര്യ പറഞ്ഞു.
ബി.എസ്-6 വാഹനങ്ങളുടെ വികസനത്തിനായി 500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തി. ഇതുവഴി പുതിയ വാഹനങ്ങളുടെ നിര്‍മ്മാണം 80 ശതമാനവും ഇന്ത്യയിലാക്കിയിട്ടുണ്ട്.
പുതിയ വാഹനങ്ങളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ബി.എസ്-4 ശ്രേണിയേക്കാള്‍ 10-15 ശതമാനം വില അധികമായിരിക്കുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക