കട്ടപ്പന: നിർമാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ ഗ്രോബാഗിൽ കഞ്ചാവ് കൃഷി. യുവാവിനെ കട്ടപ്പന എക്സൈസ് സംഘം അറസ്റ്റുചെയ്തു. കട്ടപ്പന നിർമല സിറ്റി കണ്ണംകുളംവീട്ടിൽ മനു തോമസിനെ(30)യാണ് അറസ്റ്റുചെയ്തത്. ഇയാളുടെ മുറിയിൽനിന്ന് ഗ്രോബാഗിൽ വളർത്തിയ എട്ട് കഞ്ചാവുചെടികളും കണ്ടെടുത്തു.
അവിവാഹിതനായ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. മാതാപിതാക്കളെ വീട്ടിൽനിന്ന് പിണക്കി അകറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പരിസരവാസികൾ കാണാതെ പടുത ഉപയോഗിച്ച് ജനലുകൾ മറച്ചിരുന്നു. കഞ്ചാവുചെടിക്ക് വെളിച്ചം കിട്ടുന്നതിനായി ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗിച്ചിരുന്നു.
പട്രോളിങ്ങിനിടെയാണ് പ്രതിയെക്കുറിച്ച് എക്സൈസ് സംഘത്തിന് വിവരം ലഭിക്കുന്നത്. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി.ബിനു, പ്രിവന്റീവ് ഓഫീസർ പി.ബി.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയിംസ് മാത്യു, പി.സി.വിജയകുമാർ, ജസ്റ്റിൻ പി.ജോസഫ്, ഷിജോ അഗസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക