കണ്ണൂരില്‍ ഒരാള്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മൂര്യാട് സ്വദേശിയായ ഇയാള്‍ ദുബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി. ഇതില്‍ 37 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
മാര്‍ച്ച് 17ന് ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ മൂര്യാട് സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളുടെ സാമ്പിള്‍ കഴിഞ്ഞ വെളളിയാഴ്ചയാണ് പരിശോധനക്കയച്ചത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 7836 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര് ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. 287 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതിനിടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ ആളുകളുടെയും സ്രവം പരിശോധനക്കയച്ചു. മുന്നൂറോളം പേരുടെ സാമ്പിളാണ് പരിശോധനക്കയച്ചത്. ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുളള സാമ്പിള്‍ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. ഒരു മേഖലയില്‍ നിന്നും 10 പേരെ വീതമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക