സിറ്റി എന്നും വലുതായേ വരൂ. എല്ലാ അഞ്ചു കൊല്ലം തികയുമ്പോഴും നിഷ്ഠയോടെ പുതിയ സിറ്റി ഇറക്കുകയെന്നത് ഹോണ്ടയുടെ മാത്രം പ്രത്യേകതയാണ്. വെറുതെ ഗ്രില്ലും ഹെഡ് ലാംപും അല്ലറ ചില്ലറ പരിഷ്കാരങ്ങളുമല്ല ഹോണ്ടയ്ക്ക് പുതു മോഡൽ. പ്ലാറ്റ്ഫോമടക്കം അടിമുടി മാറി പുതുപുത്തൻ കാറായേ പുതിയ മോഡൽ വരൂ. സിറ്റി ഇപ്പോൾ വന്നതും അങ്ങനെ തന്നെ.
കോവിഡ് വന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ മാസം 19 ന് ഗോവയിൽ പുതിയ ഹോണ്ട സിറ്റി ഓടിക്കുമായിരുന്നു. മാധ്യമങ്ങൾക്കായുള്ള െെഡ്രവ് അനിശ്ചിതമായി മാറ്റി വച്ചിരിക്കുന്നു. പുതിയ സിറ്റിയുടെ പുറത്തിറക്കലും. കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും എന്താണ് പുതിയ സിറ്റി എന്നു മനസ്സിലാക്കാം.
ഇന്നു വരെ ഇറങ്ങിയിട്ടുള്ള സിറ്റികളിൽ ഏറ്റവും മികച്ചത് അഞ്ചാം തലമുറയിൽപ്പെട്ട പുതിയ സിറ്റിയാണെന്നതിൽ സംശയിക്കേണ്ട. ഇത്രയ്ക്കു വലുപ്പവും ആഡംബര ഉൾവശവും കാഴ്ചയിലെ ഔന്നത്യവും മറ്റൊരു സിറ്റിക്കുമില്ല.
നീളവും വീതിയും കൂടി. വീൽ ബേസ് പഴയ മോഡലിനു സമം. ഉയരത്തിൽ തെല്ലു കുറവുണ്ട്, പക്ഷെ അത് ക്യാബിനിൽ പ്രതിഫലിക്കുന്നില്ല. കണക്കുകളിതാ. പഴയ മോഡൽ ബ്രാക്കറ്റിൽ. നീളം 4549 മിമി (4440), വീതി 1748 (1695), ഉയരം 1489 (1495), വീൽ ബേസ് 2600 (2600).
ഇതു സിവിക് അല്ലേ? മുൻ കാഴ്ചയിൽ അങ്ങനെയൊരു സംശയം ഉണ്ടാകാം. കാരണം, ഏതാണ്ട് സമാനമായ ഗ്രില്ലും ഹെഡ് ലാംപുമൊക്കെയായാണ് പുതിയ സിറ്റി. എൽ ഇ ഡി െെലറ്റിങ്, സൺറൂഫ് , 16 ഇഞ്ച് അലോയ് എന്നിവ ഉയർന്ന മോഡലിനുണ്ട്. വശങ്ങളിലും സിവിക്കുമായുള്ള സാദൃശ്യം ദർശിക്കാം. പിൻവശത്ത് എടുത്തു നിൽക്കുന്നത് ത്രി ഡി റിയർ വ്യൂ െെലറ്റുകൾ. സിറ്റി കൊള്ളാം; വലിയൊരു കാറായി വളർന്ന് സിവിക്കിനൊപ്പം നിൽക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക