ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ ആരെന്ന് ചോദ്യത്തിന് മറുപടിയായി വരുന്ന ആദ്യ പേരുകൾ ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലയണൽ മെസിയുടെയുമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഫുട്ബോൾ ലോകത്തെ ത്രസിപ്പിച്ച ഈ താരങ്ങൾ മറ്റെല്ലാവർക്കും മുകളിലാണെന്ന് പറയുന്നത് മറ്റാരുമല്ല, ഇതിഹാസം ഡേവിഡ് ബെക്കാമാണ്.
എന്നാൽ ഇവരിൽ ആരാണ് മികച്ച താരമെന്ന ചോദിച്ചാൽ അതിനും ബെക്കാമിന് കൃത്യമായ മറുപടിയുണ്ട്. “ലയണൽ മെസിയുടെ നിലവാരത്തിൽ മറ്റാരുമില്ല. അങ്ങനെയൊരു മത്സരമേ സാധ്യമല്ല,” മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.
ഡേവിഡ് ബെക്കാമും ക്രിസ്ത്യാനോവും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ്. യുണൈറ്റഡിൽ ബെക്കാം ഉപയോഗിച്ചിരുന്ന ഏഴാം നമ്പർ ജേഴ്സിയാണ് പിന്നീട് ക്രിസ്ത്യാനോയും ഉപയോഗിച്ചത്. തന്റെ കരിയറിന് ഒടുവിൽ മെസിക്കെതിരായി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിക്കാനുള്ള ഭാഗ്യവും ബെക്കാമിന് ഉണ്ടായി.
2013 ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ ഫൈനലിൽ ബെക്കാമിന്റെ പിഎസ്ജിയും മെസിയുടെ ബാഴ്സലോണയും ഏറ്റുമുട്ടിയിരുന്നു. 3-3 എന്ന സ്കോറിൽ അവസാനിച്ച മത്സരത്തിൽ എവേ ഗോളിന്റെ ആനുകൂല്യത്തിൽ ബാഴ്സലോണ സെമിയിലേക്ക് കടക്കുകയായിരുന്നു.
“മെസി ഇറങ്ങുന്നത് വരെ ഞങ്ങളായിരുന്നു മുന്നിൽ. മെസി പകരക്കാരനായി ഇറക്കിയതോടെ ബാഴ്സലോണ സ്കോർ ചെയ്യുകയായിരുന്നു,” ചാമ്പ്യൻസ് ലീഗിലെ സമനിലയെക്കുറിച്ച് ബെക്കാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക