ഇടയ്ക്കിടെ ആണവമിസൈലുകൾ പരീക്ഷിക്കുക, സ്വന്തം അമ്മാവനടക്കം രാഷ്ട്രീയ ശത്രുക്കളെന്നു തോന്നിയ പലരെയും വധശിക്ഷക്ക് ഇരയാക്കുക, കൊവിഡ് ബാധിച്ചവരെ വെടിവെച്ചു കൊല്ലുക, അനിഷ്ടം തോന്നുന്നവരെ പട്ടിണിക്കിട്ട വേട്ടപ്പട്ടികൾക്ക് എറിഞ്ഞുകൊടുക്കുക – കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്.
2011 -ൽ കിം ജോങ് ഉന്നിന്റെ അച്ഛനും ഉത്തരകൊറിയയുടെ ജനപ്രിയ നേതാവുമായിരുന്ന കിം ജോങ് ഇൽ മരണപ്പെടുമ്പോൾ, അദ്ദേഹം ഇഷ്ടപുത്രനായ കിം ജോങ് ഉന്നിനെ തന്റെ അനന്തരാവകാശിയാക്കാൻ വേണ്ട പരിശീലനം നല്കിക്കൊണ്ടിരിക്കയായിരുന്നു.
കിം ജോങ് ഇല്ലിന് തന്റെ മൂന്നാമത്തെ ഭാര്യയായ കൊ യോങ് ഹുയിയിൽ, 1982 ജനുവരി 8 -ന് ജനിച്ച കിം ജോങ് ഉൻ, അധികാരത്തിലേറുമ്പോൾ 29 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. സ്വിറ്റ്സർലണ്ടിലെ ബേർണിൽ ആയിരുന്നു കിമ്മിന്റെ പ്രാഥമിക വിദ്യാഭ്യാസം.
അവിടെ, പരമരഹസ്യമായി, ഒരു ഉത്തരകൊറിയൻ ഡിപ്ലോമാറ്റിന്റെ മകൻ എന്ന ഭാവേനയായിരുന്നു കിം ജോങ് ഉന്നിന്റെ കോൺവെന്റ് വിദ്യാഭ്യാസം. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ അക്കാലത്ത് അദ്ദേഹം അവഗാഹം നേടി.
കുട്ടിക്കാലത്ത് തികഞ്ഞ വികൃതിയായിരുന്നു കിം ജോങ് ഉൻ എങ്കിലും, ബാസ്കറ്റ് ബോളിലെ അപാരമായ താത്പര്യം അയാളെ ഏകാഗ്രത നിലനിർത്താൻ സഹായിച്ചു. മണിക്കൂറുകളോളം നേരം ചെലവിട്ട് ബാസ്കറ്റ് ബോൾ ഇതിഹാസം ഷിക്കാഗോ ബുൾസിന്റെ സുവർണതാരം മൈക്കൽ ജോർദാന്റെ ചിത്രം വരച്ചിരുന്നു കിം എന്ന് അന്നത്തെ സഹപാഠികളിൽ പലരും പിന്നീട് ഓർത്തെടുത്തിട്ടുണ്ട്.
വിലപിടിപ്പുള്ള സ്പോര്ട്സ് ഷൂകളുടെ വമ്പിച്ച ശേഖരം തന്നെയുണ്ടായിരുന്ന കിം ജോങ് ഉൻ, തൊട്ടാൽ പൊട്ടുന്നത്ര ദേഷ്യമുള്ള ഒരു തെറിച്ച പയ്യൻ കൂടിയായിരുന്നു. അന്നൊക്കെ കളിക്കളത്തിലും പുറത്തും കിമ്മിന്റെ ദേഷ്യത്തിന്റെ രുചിയറിഞ്ഞിരുന്നു സഹപാഠികളെല്ലാവരും.
എന്നാൽ, അന്ന് പെൺകുട്ടികളോട് ഇടപെടുമ്പോൾ മാത്രം വല്ലാത്ത ഒരു അന്തർമുഖത്വവും നാണവും ഒക്കെ അയാളെ ബാധിച്ചിരുന്നുവത്രേ. ആരോടും അധികം മനസ്സുതുറക്കാത്ത കിം ഒരിക്കൽ മാത്രം, ക്ളാസിൽ തന്റെ ഡെസ്ക് പങ്കിട്ടിരുന്ന ഉറ്റകൂട്ടുകാരൻ മിഹായേലോയോട് മാത്രം താൻ ഉത്തരകൊറിയയിലെ സുപ്രീം ലീഡറുടെ മകനാണ് എന്ന സത്യം തുറന്നുപറഞ്ഞു.
2011 -ൽ അച്ഛന്റെ മരണത്തിനു ശേഷം, അധികം വൈകാതെ കിം ജോങ് ഉൻ അധികാരത്തിൽ അവരോധിക്കപ്പെട്ടു. ‘ദ ഗ്രേറ്റ് സക്സസർ’ അഥവാ ‘മഹാനായ പിൻഗാമി’ എന്ന് പത്രങ്ങൾ വെണ്ടയ്ക്കാ തലക്കെട്ടുനിരത്തി.
ആദ്യമൊക്കെ കിം ജോങ് ഉൻ ആയിരുന്നില്ല കൊറിയയുടെ അടുത്ത ഭരണാവകാശി എന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. അത് അദ്ദേഹത്തിന്റെ മൂത്ത അർദ്ധസഹോദരന്മാരായ കിം ജോങ് നാം, കിം ജോങ് ജോൽ എന്നിവരായിരുന്നു.
ഇതിൽ, കിം കോങ്ങ് നാമിനെ വ്യാജപാസ്പോർട്ടുമായി ജപ്പാനിൽ പിടിയിലായി നാടുകടത്തപ്പെട്ടതോടെ അതിന് അയോഗ്യനായി. കിം ജോങ് ജോലിനാകട്ടെ രാജ്യത്തെ നയിക്കാൻ വേണ്ടത്ര ആണത്തമില്ല എന്ന് അച്ഛൻ കിം ജോങ് ഇൽ ധരിച്ചിരുന്നു. അങ്ങനെ ഒടുവിൽ അടുത്ത അവകാശിയായ കിം ജോങ് ഉന്നിന് നറുക്കു വീഴുകയായിരുന്നു.
അന്നുതൊട്ടിന്നുവരെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓർ നോർത്ത് കൊറിയയിൽ ഒരേയൊരു പേരുമാത്രമേ ഭരണസിരാകേന്ദ്രങ്ങളിൽ ഉയർന്നു കേട്ടിട്ടുള്ളൂ. അത് സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റേതാണ്. തന്റെ രാജ്യം ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന വേവലാതി ഏറെ അലട്ടിയിരുന്നു കിം ജോങ് ഉന്നിനെ.
അതുകൊണ്ടുതന്നെ സൈനിക സംവിധാനങ്ങളുടെ പരിഷ്കരണമാണ് കിമ്മിന്റെ ഇഷ്ട നേരം പോക്ക്. ഇതുവരെ നടത്തിയിട്ടുള്ളത് നാല് ആണവ പരീക്ഷണങ്ങൾ. മിസൈൽ ടെസ്റ്റുകൾ എത്ര നടത്തിയിട്ടുണ്ട് എന്ന് ആർക്കും കൃത്യമായി അറിവില്ല.
മിസൈലിലേക്ക് ലോഡ് ചെയ്യാവുന്ന ഒരു ഹൈഡ്രജൻ ബോംബ് വരെ അദ്ദേഹം സൈന്യത്തെക്കൊണ്ട് ഉണ്ടാക്കിച്ചിട്ടുണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത്. അമേരിക്കയിലേക്കുവരെ തൊടുത്തുവിടാവുന്ന ദീർഘദൂര മിസൈലുകൾ ഉത്തരകൊറിയ വിജയകരമായി ടെസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ൾക്കുന്നത്.
‘ആത്മഹത്യാവാസനയുള്ള ഒരു റോക്കറ്റ് മാൻ’ എന്നാണ് ട്രംപ് ഒരിക്കൽ കിമ്മിനെ വിളിച്ചത്. ‘തലക്ക് സ്ഥിരതയില്ലാത്ത കിളവൻ’ എന്ന് അപ്പോൾ തന്നെ കിം തിരിച്ച് ട്രംപിനെയും പരിഹസിച്ചിരുന്നു.
തികഞ്ഞ വൈരനിര്യാതന ബുദ്ധി കാത്തുസൂക്ഷിക്കുന്ന കിം കൊന്നുതള്ളിയിട്ടുള്ള രാഷ്ട്രീയ എതിരാളികളുടെ എണ്ണത്തിനും തിട്ടമില്ല. 2013 ഡിസംബറിൽ, തനിക്കെതിരെ അട്ടിമറിക്ക് പ്ലാനിട്ട, സ്വന്തം അമ്മാവനായ ചാങ് സോങ് താക്കിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട് അത് നടപ്പിലാക്കി കിം. 2017 -ൽ തന്റെ അർധസഹോദരൻ കിം ജോങ് നാമിനെ ക്വലാലംപുർ വിമാനത്താവളത്തിൽ വെച്ച് വളരെ വിദഗ്ദ്ധമായി വിഷം കൊടുത്ത് കൊന്നതും കിം ജോങ് ഉൻ തന്നെ ആയിരുന്നു എന്നും ആക്ഷേപമുണ്ട്.
വ്യക്തിജീവിതത്തിലേക്ക് അധികം മാധ്യമശ്രദ്ധ അനുവദിക്കാത്ത കിം ജോങ് ഉൻ ഒടുവിൽ 2012 -ൽ ഒരു യുവതിക്കൊപ്പം ചടങ്ങുകളിൽ പങ്കുകൊള്ളുന്നതിന്റെ വീഡിയോ കൊറിയൻ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തതിനു പിന്നാലെ സഖാവ് റീ സോൾ ജുവുമായി അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടു.
മിസ് റീയെപ്പറ്റിയും കാര്യമായി ഒന്നും മാധ്യമങ്ങൾക്ക് അറിവില്ല. ഏതോ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കിം ജോങ് ഉന്നിന്റെ കണ്ണിൽപെട്ടതാണ് മിസ് റീ എന്നും മാധ്യമങ്ങളിൽ ഊഹാപോഹങ്ങളുണ്ട്. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് പലയിടത്തും കിമ്മിന്റെ അടുത്ത പിന്തുടർച്ചക്കാരി എന്നമട്ടിൽ പ്രത്യക്ഷപ്പെട്ടുവരുന്നത്. അവർ കൊറിയയിലെ വർക്കേഴ്സ് പാർട്ടിയുടെയും ഉന്നതസ്ഥാനത്ത് പ്രവർത്തിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക