ചെറു എസ്യുവി റെയ്സിനെ ഇന്തോനീഷ്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. പുതിയ ഇന്നോവയും ഫോർച്ച്യൂണറും റെയ്സും അടക്കം നാലു പുതിയ മോഡലുകൾ ഈ വർഷം ടൊയോട്ട ഇന്തോനീഷ്യൻ വിപണിയിലെത്തിക്കും. കഴിഞ്ഞ വർഷമവസാനം ജാപ്പനീസ് വിപണിയിലെത്തിയ റെയ്സിനെ തന്നെയാണ് ഇന്തോനീഷ്യയിലും പുറത്തിറക്കുക. ഏകദേശം 1679000 യെൻ ആയിരുന്നു (ഏകദേശം 10.9 ലക്ഷം രൂപ) വില. നാലുമീറ്ററിൽ താഴെ നീളമുള്ള ചെറു എസ്യുവിയെ ഡയ്ഹാറ്റ്സുവാണ് വികസിപ്പിച്ചത്.
ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം ആധാരമാക്കി ഡയ്ഹാറ്റ്സു വികസിപ്പിച്ച ഡിഎൻജിഎ (ഡയ്ഹാറ്റ്സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ) പ്ലാറ്റ്ഫോമിലാണ് പുതിയ വാഹനത്തിന്റെ നിർമാണം. പെർഫോമൻസിനും യാത്രസുഖത്തിനും പ്രാധാന്യം നൽകിയാണ് വാഹനം വികസിപ്പിച്ചത്.
3995 എംഎം നീളവും 1695 എംഎം ഉയരവും 1620 എംഎം വീതിയുമുണ്ട് റെയ്സിന്. 2525 എംഎമ്മാണ് വീൽ ബെയ്സ്. 17 ഇഞ്ച് അലോയ് വീലുകൾ ഉപയോഗിക്കുന്ന കാറിന് 369 ലീറ്റർ ബൂട്ട് സ്പെയ്സുമുണ്ട്. 98 ബിഎച്ച്പി കരുത്തും 140 എൻഎം ടോർക്കുമുള്ള 1 ലീറ്റർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 1 ലീറ്റർ എൻജിന്റേയും ഡി–സിവിടിയുടേയും കൂടിച്ചേരൽ വലിയ എൻജിനുകളുടെ കരുത്തും ചെറിയ എൻജിന്റെ ഇന്ധനക്ഷമതയും നൽകും എന്നാണ് കമ്പനി അവകാശപ്പെന്നത്.
മസ്കുലർ രൂപകൽപ്പനാ ശൈലിയോടെ എത്തുന്ന എസ്യുവിയിൽ എൽഇഡി ഹെഡ്ലാംപ്, എൽഇഡി ഫോഗ്ലാംപ്, ബ്ലാക്ക് റൂഫ്, ബംപറിനും വശങ്ങളിലും ബ്ലാക്ക് ക്ലാഡിങ് തുടങ്ങിയവയൊക്കെയുണ്ട്. രാജ്യാന്തര വിപണികളിൽ സുസുക്കി ജിംനിയോടാകും ഈ എസ്യുവിയുടെ മത്സരം.
നീളം നാലു മീറ്ററിൽ താഴെയെന്നതിനാൽ ഇന്ത്യയിലെത്തിയാൽ ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടേയ് വെന്യൂ തുടങ്ങിയവയോടാവും ഈ കോംപാക്ട് എസ്യുവിയുടെ പോരാട്ടം. പക്ഷേ ഈ കോംപാക്ട് എസ്യുവി ടൊയോട്ട ഇന്ത്യയിൽ വിൽപനയ്ക്കെത്തിക്കുമോ എന്നു വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക