ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരത്തോടെ വിപണിയിലെത്തിയ ബൈക്കുകളുടെ വില വർധന ജൂലൈ വരെ നീട്ടിവയ്ക്കുമെന്നു ബ്രിട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ നിലവിൽ ‘സ്ട്രീറ്റ് ട്വിൻ’, ‘ടി 100’, ‘ടി 120’, ‘സ്പീഡ് മാസ്റ്റർ’ എന്നിവ ഉൾപ്പെട്ട ‘ബോൺവിൽ’ ശ്രേണി മാത്രമാണു ബി എസ് ആറ് നിലവാരമുള്ള എൻജിനോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്.
ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു പുതിയ ബൈക്കുകളുടെ വില വർധന ജൂലൈ വരെ നീട്ടിവയ്ക്കാനുള്ള തീരുമാനമെന്നും കമ്പനി വിശദീകരിച്ചു.
വിപണി സാഹചര്യങ്ങൾ പ്രതികൂലവും സമ്പദ് വ്യവസ്ഥ ദുർബലവുമായിരിക്കെ വാഹന വില വർധിപ്പിക്കുന്നത് ഇടപാടുകാരെ നിരുത്സാഹപ്പെടുത്തുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ആകർഷക വായ്പാ പദ്ധതികളടക്കം അവതരിപ്പിച്ചു ബൈക്ക് വിൽപ്പന ഉഷാറാക്കാനാണു ട്രയംഫിന്റെ ശ്രമം.
ക്രമേണ എല്ലാ വിഭാഗത്തിലും ബി എസ് ആറ് നിലവാരമുള്ള മോഡലുകൾ അവതരിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ വ്യക്തമാക്കി.
യൂറോ അഞ്ച്(അഥവാ ബി എസ് ആറ്) നിലവാരമുള്ള എൻജിനും അനുബന്ധ പരിഷ്കാരങ്ങളുമായെത്തുന്ന ‘2020 സ്ട്രീറ്റ് ട്രിപ്ൾ ആർ എസ്’ ആവും ട്രയംഫിന്റെ അടുത്ത മോഡൽ അവതരണം. വരുംമാസങ്ങൾക്കിടയിൽ പുതിയ ‘ട്രയംഫ് ടൈഗർ 900 ജി ടി’, ‘ടൈഗർ 900 റാലി’ എന്നിവയും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു പ്രതീക്ഷിക്കാം.
‘ടൈഗർ 800’ ഇന്ത്യൻ വിപണിയിൽ കൈവരിച്ച വിജയം തീർത്തും പുതിയ മോഡലായ ‘ടൈഗർ 900’ ആവർത്തിക്കുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.
പുതിയ മോഡൽ അവതരണങ്ങൾക്കൊപ്പം ‘കോവിഡ് 19’ വ്യാപനം തടയാൻ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു മുൻനിർത്തി മോട്ടോർ സൈക്കിളുകളുടെ വാറന്റി/അധിക വാറന്റി കാലാവധി നീട്ടി നൽകുമെന്നും ട്രയംഫ് അറിയിട്ടിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 20 മുതൽ മേയ് മൂന്നു വരെയുള്ള കാലാവധിയെത്തുന്ന വാറന്റി/അധിക വാറന്റി സമയപരിധിയാണു കമ്പനി ജൂൺ 30 വരെ നീട്ടിയത്.
ലോക്ക് ഡൗൺ നിലനിന്ന കാലത്തിനിടെ സമയക്രമമനുസരിച്ചുള്ള സർവീസ് നടത്താനാവാതെ പോയതുകൊണ്ട് അവസരം നഷ്ടമാവില്ലെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ ജനറൽ മാനേജർ ഷോയിബ് ഫാറൂഖ് വിശദീകരിച്ചു.
ലോക്ക്ഡൗൺ അവസാനിച്ച് അടുത്ത 30 ദിവസത്തിനകം ഈ സർവീസ് നടത്തിയെടുക്കാൻ അവസരം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക് ഡൗണിനു ശേഷമുള്ള അധിക തിരക്ക് നേരിടാൻ സർവീസ് സെന്ററുകളെ സജ്ജമാക്കി വരികയാണെന്നും ഫാറൂഖ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക