കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാന്റെ ഉമർ അക്മലിനെ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് എല്ലാ വിധ ക്രിക്കറ്റില്‍ നിന്നും മൂന്നു വര്‍ഷത്തേക്കു വിലക്കിയത്. ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച് വാതുവയ്പുകാര്‍ സമീപിച്ചപ്പോള്‍ ഇക്കാര്യം ആന്റി കറപ്ക്ഷന് വിഭാഗത്തെ അറിയിക്കാതെ മറച്ചു വച്ചുവെന്നതായിരുന്നു താരത്തിനെതിരായ പ്രധാന കുറ്റം. ഇതിനൊപ്പം തന്നെ പല കാലങ്ങളിലായി അച്ചടക്ക ലംഘനത്തിന്റെ പേരിലും താരം വെട്ടിലായിട്ടുണ്ട്.
ഇപ്പോൾ ഉമര്‍ അക്മലിനെ ഉപദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരവും സഹോദരനുമായ കമ്രാന്‍ അക്മല്‍. വിവാദങ്ങളില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കാനും ഇന്ത്യയുടെ മുന്‍ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവരെ കണ്ടു പഠിക്കാനുമാണ് ഉമറിനോട് കമ്രാന്റെ ഉപദേശം.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവരെ കണ്ടു പഠിക്കാന്‍ ഉമര്‍ ശ്രമിക്കണം. ജീവിതത്തില്‍ പല തരത്തിലുള്ള തടസ്സങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. വിരാട് കോഹ്ലിയെ നോക്കൂ. ഐപിഎല്ലില്‍ തുടക്കകാലത്ത് കളിച്ചിരുന്നപ്പോള്‍ ഇങ്ങനെയായിരുന്നില്ല അദ്ദേഹം. എന്നാല്‍ വിരാട് തന്റെ ചിന്താഗതിയും സമീപനവും മാറ്റി. ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്സ്മാനായി അദ്ദേഹം മാറിയില്ലേ? വിവാദങ്ങളില്‍ നിന്ന് കരിയറിലുടനീളം വിട്ടുനിന്നിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരെയും കണ്ടു പഠിക്കണം. കമ്രാൻ പറയുന്നു.
നമുക്ക് മുന്നിലുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇവരെല്ലാം. അവരുടെ ശ്രദ്ധ മുഴുവന്‍ സ്പോര്‍ട്സിലായിരുന്നു. കളിക്കളത്തിന് പുറത്ത് ആരാധകരോട് മികച്ച രീതിയില്‍ പെരുമാറിയവരുമാണ് അവര്‍. സ്പോര്‍ട്സിന്റെ ഏറ്റവും മികച്ച അംബാസഡര്‍മാര്‍ കൂടിയാണ് അവരെല്ലാവരും. കമ്രാൻ അനുജനോട് പറയുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെയായിരുന്നു നിലവിലെ സാഹചര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ടുള്ള കമ്രാന്റെ ഉപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക