ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും കൊറോണ വൈറസ് വ്യാപനം കൂടുതൽ ഇടങ്ങളിൽ നടന്നെന്ന് കണക്കുകൾ. ഇന്ത്യയിൽ പുതിയതായി 327 ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് .
ലോക് ഡൗണിന് മുൻപ് 103 ജില്ലകളിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ ഇതിന് ശേഷം കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിച്ചു. കഴിഞ്ഞ ദിവസം വരെ 430 ജില്ലകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഹോട്സ്പോട്ടായി പ്രഖ്യാപിച്ച 129 ജില്ലകളും ഇതിൽ ഉൾപെടും.
ഉത്തർ പ്രദേശിലും തമിഴ്നാട്ടിലുമാണ് കൂടുതൽ ജില്ലകളിൽ വ്യാപനമുണ്ടായത്. ഉത്തർ പ്രദേശിലെ 41 ജില്ലകളിലും തമിഴ്നാട്ടിലെ 26 ജില്ലകളിലും കൊറോണ വൈറസ് പുതിയതായി സ്ഥിരീകരിച്ചു. ലോക് ഡൗൺ മൂലം കൊവിഡ് വ്യാപനം തടുക്കാനായിയെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും അത്രമേൽ ആശ്വാസം നൽകാത്തതാണ് കണക്കുകൾ.
നേരത്തെ രോഗം കണ്ടെത്തിയ ചില ജില്ലകളിൽ നൂറു കണക്കിന് കേസുകളാണ് ഇക്കാലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈ, അഹമ്മദാബാദ്, ഇൻഡോർ, പുനെ എന്നിവിടങ്ങളിൽ അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈ നഗരത്തിൽ തന്നെ 2982 പേർക്ക് രോഗമുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 31,787 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് പിടിപെട്ടിട്ടുള്ളത്. ഇതിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡൽഹിയിലും ഗുജറാത്തിലും മൂവായിരത്തിലധികം പേർക്കാണ് രോഗമുള്ളത്.മഹാരാഷ്ട്രയിൽ 9318 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക