ട്രോളും വിമര്‍ശനങ്ങളും ഒരു പോലെ കിട്ടിയ ആശയമായിരുന്നു ടിക് ടോകിലെ ‘കലിപ്പനും കലിപ്പന്റെ കാന്താരിയും.’ പെണ്ണിനു നേരെ കൂസലില്ലാതെ കയ്യോങ്ങുന്ന കലിപ്പന്മാര്മാര് നിര്‍ദാക്ഷിണ്യം ട്രോളിലേറുമ്പോള് ടിക് ടോക് വിഡിയോ പങ്കുവച്ച അനന്തുവിനും ചിലത് പറയാനുണ്ട്. തനിക്കു നേരെ വരുന്ന ട്രോളുകളെ മുന്‍നിര്‍ത്തിയാണ് അനന്തുവിന്റെ പ്രതികരണം. കലിപ്പനും തല്ലു കൊള്ളുന്ന കാന്താരിയും ഒരു മോശം കണ്‍സപ്റ്റ് ആണെന്നാണ് അനന്തുവിന്റെ പ്രതികരണം.
ഇനി അത്തരം വിഡിയോ പുറത്തിറക്കില്ലെന്നും അനന്തു ഉറപ്പു നല്കുന്നു. തന്നെ ട്രോളിയ അര്‍ജുന്റെ വിഡിയോകളേയും സ്വീകാര്യതയേയും അനന്തു അഭിനന്ദിക്കുന്നുമുണ്ട്. അനന്തുവിന്റെ പ്രതികരണം മുന്‍നിര്‍ത്തി ഡോ. നെല്‍സണ്‍ ജോസഫാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ഇത് അനന്തുവാണ്
കലിപ്പൻ എന്ന ആ ടിക് – ടോക് വീഡിയോ സീരിസ് ഇറക്കിയ പയ്യൻ. അതിനെതിരെ വിമർശനം പരക്കെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
അനന്തുവിന് എത്ര വയസുണ്ടെന്നറിയില്ല. അതിലും മുതിർന്നവരും തെറ്റുകൾ വരുത്താറുണ്ട് എന്ന് മാത്രമറിയാം.
പക്ഷേ ഇന്നലെ കണ്ട അനന്തുവിന്റെ ടിക് ടോക് വീഡിയോയിൽ ശരിക്കും കണ്ട് പഠിക്കേണ്ട ഗുണങ്ങൾ പലതുണ്ട്.അക്കമിട്ട് തന്നെ എഴുതാം
1. തെറ്റ് തിരുത്താനുള്ള മനസ്
വീഡിയോയുടെ തുടക്കം തന്നെ കലിപ്പൻ എന്ന സീരിസ് കുറെപ്പേർക്കെങ്കിലും ഒരു നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കി എന്നതിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു.
കലിപ്പനും തല്ല് കൊള്ളുന്ന കാന്താരിയും ഒരു തെറ്റായ കൺസെപ്റ്റാണെന്നതിൽ സംശയമൊന്നുമില്ല. അത് തിരുത്താൻ തയ്യാറായതും ഇനി അത്തരം വീഡിയോകളുണ്ടാവില്ലെന്ന് തീരുമാനിച്ചതും തികച്ചും സ്വാഗതാർഹം
2. വിമർശനം സ്വീകരിച്ച രീതി.
വിമർശിച്ചത് താൻ നന്നാവാൻ ആയിരിക്കാമെന്ന് അനന്തു പറയുന്നുണ്ട്. തിരിച്ച് പണി കൊടുക്കാൻ സഹായിക്കാൻ പലരും വന്നപ്പൊഴും. . .
വിമർശനം സ്വീകരിച്ചതും വിമർശ്ശിച്ചാലേ, തിരുത്തിയാലേ കൂടുതൽ മികച്ച പെർഫോമൻസുകൾക്ക് കഴിയൂ എന്നുമുള്ള ചിന്ത പലർക്കും ഇല്ലാത്തതുമാണ്
3. മറ്റൊരാളുടെ ഉയർച്ചയിലുള്ള അസൂയയില്ലായ്മ
അർജുൻ ട്രോൾ ചെയ്തതിൽ വിഷമമില്ല. അത് മാത്രമല്ല, അയാൾ പ്രശസ്തനായതിൽ സന്തോഷവുമുണ്ട്.
അയാളുടെ കഴിവും ചിന്തിക്കാനുള്ള എഫർട്ടുമാണു വിജയിച്ചതിനു പിന്നിലെന്ന് അനന്തു പറയുന്നത് കണ്ടു.
ശത്രുവായിക്കാണാതെ അയാൾ നേട്ടമുണ്ടാക്കിയതിനെ അഭിനന്ദിക്കാനുള്ള മനസ് പോസിറ്റീവ് ക്വാളിറ്റി തന്നെ.
4&5 – ലക്ഷ്യബോധവും സ്ഥിരോത്സാഹവും.
ഒരു ടിക് ടോക് സെലിബ്രിറ്റി മാത്രമാവാതെ ഒരു നല്ല നടനാവണം എന്ന് അനന്തു പറയുന്നു. അതാണു ലക്ഷ്യമെന്നും.
പറയുന്നത് നടക്കുമോ എന്നൊന്നും എനിക്കറിയില്ല.
എങ്കിലും അനന്തു ഇപ്പൊ ചെയ്തത് വളരെ നല്ല ഒരു കാര്യം തന്നെ.അനന്തുവിനു പ്രശസ്തനാവാനല്ല ആഗ്രഹം, ഒരു നല്ല നടനാവണമെന്നാണ് അനന്തു പറയുന്നത്.
ആഗ്രഹം പോലെ ഒരു നല്ല നടനാവാനും അതിൽ വിജയിക്കാനും അനന്തുവിനു കഴിയട്ടെ
പ്രശസ്തിയൊക്കെ താനെ വന്നോളും
പ്രതികരിക്കാൻ ഇവിടെ എഴുതുക