സൗത്താഫ്രിക്കയുടെ ഒരു കാലത്തെ വെടിക്കെട്ട് വീരൻ ലാൻസ് ക്ലൂസ്നറിനെ തങ്ങളുടെ ടീം ഡയറക്ടറായി നിയമിച്ച് ബംഗ്ലാ ടൈഗേഴ്സ്. അബു ദാബി ടി10 ടൂർണമെന്റിലെ പ്രധാന ടീമാണ് ബംഗ്ല ടൈഗേഴ്സ്. ക്ലൂസ്നറിന്റെ നിയമനത്തെക്കുറിച്ച് ബംഗ്ല ടൈഗേഴ്സ് ചെയർമാൻ മുഹമ്മദ് യാസിൻ ചൗധരി പറയുന്നത് ഇങ്ങനെ. ഞങ്ങൾക്ക് കിരീടം ലഭിക്കണമെങ്കിൽ കളിയെ ഗൗരവത്തോടെ കാണണം. ക്ലൂസ്നർ അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും മികച്ച ഓൾ റൗണ്ടറാണ്. അദ്ദേഹത്തിന് കളിയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്.
കുട്ടി ക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റ് ആണ് അദ്ദേഹം. ടീമിന് ആക്രമണോസ്കുത നൽകാൻ അദ്ദേഹത്തിനാവും. യാസിൻ പറയുന്നു. ഈ വർഷത്തെ ടി10 ടൂർണമെന്റ് നവംബർ 19 മുതൽ 26 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അബൂദാബിയിലെ ഷെയ്ഖ് അബൂ സായെദ് സ്റ്റേഡിയത്തിൽ വെച്ചാവും ടൂർണമെന്റ്.
കഴിഞ്ഞ കുറച്ചു കാലമായി പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന ടൂർണമെന്റാണ് ഇത്. ടി20 യുടേയും കുട്ടിപതിപ്പായ ടൂർണമെന്റിന് ഏറെ ആരാധകരുമുണ്ട്. നവംബറിൽ കൊറോണ കാരണം കളി നടക്കുമോ എന്നതിനെക്കുറിച്ചും യാസിൻ പ്രതികരിച്ചു. നവംബറിന് ഇനിയും സമയമുണ്ട്. ആ തീയ്യതികളിൽ തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്ന് കരുതുന്നു. യൂറോപ്യൻ ഫുട്ബോൾ ലീഗുകളൊക്കെ പതിയെ ആരംഭിക്കാനിരിക്കെ നവംബറിൽ ടി10 ലീഗ് നടക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അഫ്ഗാനിസ്ഥാന്റെ കോച്ചാണ് ലാൻസ് ക്ലൂസ്നർ. 49 ടെസ്റ്റുകളിൽ നിന്ന് 80 വിക്കറ്റുകളും 1906 റൺസും ക്ലൂസ്നർ നേടിയിട്ടുണ്ട്. ഇതിനൊപ്പം 171 ഏകദിനങ്ങളിൽ നിന്നായി 3576 റൺസും 192 വിക്കറ്റുകളും നേടി. 2000 ത്തിലെ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയറും അദ്ദേഹമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക