Home KERALA അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍...

അണലിയെ വാങ്ങി പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച്‌ മാര്‍ച്ച്‌ രണ്ടിന് ആദ്യ കൊലപാതകശ്രമം; അടൂര്‍ പറക്കോടുള്ള വീട്ടില്‍ വച്ച്‌ ഉത്ര രാത്രി ഉറങ്ങിയ ശേഷം കാലില്‍ കൊത്തിച്ചു; അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് മെയ് ആറിന് രാത്രി കൃത്യം നടത്തി; വിചിത്രമായ കൊലപാതകമാണെന്നും സാമ്പത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ്

കൊല്ലം: കേരളത്തെ നടുക്കിയ അഞ്ചല്‍ ഉത്ര കൊലക്കേസിലെ പ്രതി ഭര്‍ത്താവ് സൂരജ് മുന്‍പും ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് സൂചന. അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പിനെ ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചതായി പൊലിസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായതായി സൂചന. കഴിഞ്ഞ മാര്‍ച്ച്‌ രണ്ടിന് രാത്രിയിലാണ് അടൂര്‍ പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ വച്ച്‌ ഉത്രയെ പാ കടിച്ചത്.

കട്ടിലില്‍ കിടക്കുമ്ബോള്‍ പാമ്പു കടിച്ചു എന്നാണ് സൂരജ് നേരത്തേ മൊഴിനല്‍കിയിരുന്നത്. എന്നാല്‍ രാത്രി ഉറങ്ങിയ ശേഷം ഉത്രയുടെ കാലില്‍ അണലിയെ ഉപയോഗിച്ചുകൊത്തിക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് സൂചന. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷില്‍ നിന്നും അയ്യായിരംരൂപയ്ക്ക് വാങ്ങിയ അണലിയെയാണ് ഇയാള്‍ കൃത്യത്തിന് ഉപയോഗിച്ചത്. കാലില്‍ വേദന അസഹനീയമായതോടെ രാത്രിപന്ത്രണ്ടുമണിയോടെ ഉത്രയെ ആദ്യം അടൂര്‍ താലൂക്ക്‌ആശുപത്രിയിലും തുടര്‍ന്ന് അടൂര്‍ ഹോളിക്രോസ്‌ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെളുപ്പിന് മൂന്നുമണിയോടെമാതാപിതാക്കള്‍ എത്തിയാണ് ഉത്രയെ തിരുവല്ല പുഷ്പഗിരിആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ടുമണിയോടെ പാമ്ബ് കടിച്ചു എന്നാണ് സൂരജ് ആദ്യം പറഞ്ഞത്. എന്നാല്‍ അണലിയുടെ കടിയേറ്റാല്‍ വൈദ്യസഹായം ലഭിക്കാതെ ഇത്രയും നേരം രോഗി ജീവിച്ചിരിക്കില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചല്‍ എസ് ഐ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യക്തമായിരുന്നു. ഇഴഞ്ഞുനീങ്ങുന്ന അണലി കാല്‍ കുഴയുടെ മുകളില്‍ ഒരിക്കലും കടിക്കില്ലെന്ന വാദഗതിയും പൊലിസ് ഗൗരവത്തിലെടുത്തിരുന്നു. യഥാര്‍ത്ഥത്തില്‍ ഈവിവരങ്ങളാണ് ഉത്രയുടെ മരണം കൊലപാതകമാകാമെന്ന സംശയത്തിലേക്ക്‌അഞ്ചല്‍ എസ് ഐ പുഷ്പകുമാറിനെ എത്തിച്ചത്.

മെയ് ആറിന് വൈകിട്ടോടെ വീട്ടിലെത്തിയ ഭര്‍ത്താവ് സൂരജ് കൈയില്‍ കരുതിയിരുന്ന ബാഗില്‍ ഒളിപ്പിച്ച പാമ്ബിനെ രഹസ്യമായി മുറിയില്‍ എത്തിച്ച ശേഷം രാത്രിയോടെ എല്ലാവരും ഉറങ്ങിയതോടെ ബാഗില്‍ നിന്ന് പാമ്ബിനെ പുറത്തെടുത്ത് താന്‍ കിടന്ന കട്ടിലില്‍ ഇരുന്നു കൊണ്ടു തന്നെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ഉത്രയുടെ ഇടതു കൈയില്‍ കടിപ്പിച്ചാണ് കൊലപാതകം നടത്തിയത്.

തുടര്‍ന്ന് ഇയാള്‍ പാമ്ബിനെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള അലമാരയുടെ അടിയില്‍ ഒളിപ്പിച്ചു. ടൈലും മാര്‍ബിളും പാകിയ പ്രതലത്തിലൂടെ പാമ്ബിന് അനായാസമായി ഇഴയാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇയാള്‍ അലമാരയുടെ അടിയില്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് തിരികെ തന്റെ കിടക്കയിലേയ്ക്ക് മടങ്ങിയെത്തിയ സൂരജ് കട്ടിലില്‍ ഇരുന്നാണ് നേരം വെളുപ്പിച്ചത്. ഈ സമയം വേദനകൊണ്ടുപുളഞ്ഞ ഉത്ര കിടക്കയില്‍ മലമൂത്രവിസര്‍ജ്ജനവും നടത്തിയിരുന്നു.

സംഭവദിവസം സൂരജ് പതിവിലും നേരത്തേ ഉറക്കമെഴുന്നേറ്റു എന്ന് ഉത്രയുടെ മാതാപിതാക്കള്‍ നേരത്തേമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ സംഭവശേഷം ഉറങ്ങാതിരിക്കുകയും പുലര്‍ച്ചെ പ്രഭാത കൃത്യങ്ങള്‍ങ്ങള്‍ക്കായി പുറത്തേയ്ക്ക് പോവുകയും ചെയ്തു. ചായയുമായി എത്തിയ മാതാവ് ഉത്ര അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ട്നിലവിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പിതാവ് വിജയസേനനും സഹോദരന്‍ വിഷ്ണുവും എത്തിയിട്ടും വെളിയില്‍ നിന്ന സൂരജ് പതുക്കെയാണ് എത്തിയത്.

Also Read :   കൊച്ചി മെട്രോ സർവീസ് നീട്ടി; ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്ക്

തുടര്‍ന്ന് ഉത്രയെ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങിയെത്തിയ സൂരജ് ഉത്രയുടെ സഹോദരനുമായി ചേര്‍ന്ന് മുറി പരിശോധിച്ചെങ്കിലും സഹോദരനാണ് അലമാരയുടെ അടിയില്‍ നിന്ന് പാമ്ബിനെ കണ്ടെത്തിയത്. തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച്‌ പുറത്തു ചാടിച്ചശേഷം സഹോദരന്‍ വിഷ്ണു തന്നെയാണ് പാമ്ബിനെ അടിച്ചു കൊന്നത്.

പ്രവൃത്തികളില്‍ ചെറിയ മന്ദതയുള്ള ഉത്രയെ വലിയ സ്ത്രീധനം ലക്ഷ്യമാക്കിയാണ് സൂരജ് വിവാഹം കഴിച്ചത്. എന്നാല്‍ ഒരു കുഞ്ഞ് ജനിച്ചതോടെ ഉത്രയെ എങ്ങനെയും ഒഴിവാക്കാന്‍ സൂരജ് ശ്രമിച്ചിരുന്നു. കുഞ്ഞ് ഉള്ളതിനാല്‍ ഉത്ര മരിച്ചാലും സ്വത്തുക്കള്‍ സ്വാഭാവികമായി തനിക്ക് തന്നെ ലഭിക്കും എന്ന പ്രതീക്ഷയാണ് സൂരജിനെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഉത്രയുടെ വീടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് വ്യക്തമായത്.

ഒടുവില്‍ അഞ്ചലില്‍ ദിവസങ്ങള്‍ക്കിടെ രണ്ടു തവണ പാമ്ബ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം കൊടുത്ത് വാങ്ങിയ പാമ്ബിനെ ഉപയോഗിച്ച്‌ കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ പാമ്ബുപിടിത്തക്കാരന്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണ് പാമ്ബിനെ നല്‍കിയത്. പതിനായിരം രൂപയ്ക്കാണ് പാമ്ബിനെ വാങ്ങിയത്. സൂരജിന്റെ അടൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കൊട്ടരക്കര റൂറല്‍ എസ്‌പിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്ബ് കടിയേറ്റത്. മാര്‍ച്ച്‌ 2 ന് ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്ബ് കടിയേല്‍ക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്ബ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്ബിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുള്ള മുറിയാണ്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്ബ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.