ഒരേ സമയം ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കാവുന്നതാണ് മണിത്തക്കാളി. കറുത്ത് തുടുത്ത കായ്കള്‍ ധാരാളമുണ്ടാകുന്ന മണിത്തക്കാളി പണ്ടൊക്കെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമുണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതു വളര്‍ത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. അടുക്കളത്തോട്ടത്തില്‍ രണ്ടോ മൂന്നോ മണിത്തക്കാളി ചെടികള്‍ വളര്‍ത്തിയാല്‍ കറിയുണ്ടാക്കാനും വിവിധ അസുഖങ്ങള്‍ക്കുള്ള മരുന്നായും ഉപയോഗിക്കാം.
വഴുതനയുടെ കുടുംബക്കാരന്
ധാരാളം ശാഖകളോട് കൂടി നാലടിയോളം വരെ വളരുന്ന മണിത്തക്കാളി വഴുതനയുടെ കുടുംബത്തില്‍പ്പെട്ടതാണ്. കേരളത്തിലെ ഏതു കാലാവസ്ഥിയിലും നന്നായി വളരും. പച്ചനിറത്തിലും പഴുത്തു തുടങ്ങുമ്പോള്‍ വയലറ്റ് കലര്‍ന്ന കറുപ്പ് നിറത്തിലുമാണ് കായ്കള്‍ കാണപ്പെടുക. വിത്ത് വിതച്ചാണ് മണിത്തക്കാളി കൃഷി ചെയ്യുക. വലിയ പരിചരണമൊന്നും കൂടാതെ തന്നെ നന്നായി വളര്‍ന്നു കൊള്ളും. വിത്തുകള്‍ വിവിധ നഴ്സറികളില്‍ വാങ്ങാന്‍ ലഭിക്കും.
ഔഷധമായും മണിത്തക്കാളി
ആയുര്‍വേദ- പ്രകൃതി ചികിത്സയില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ടിത്. ആയുര്‍വേദത്തില്‍ മണിത്തക്കാളി സമൂല ഔഷധമാണ്. ത്രിദോഷ ശമനിയായും പറയപ്പെടുന്നു. ഹൃദ്രോഗങ്ങള്‍ക്കും വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, കരള്‍ രോഗങ്ങള്‍, വാതരോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കും പ്രതിവിധിയാണ്രേത മണിത്തക്കാളി. ചവര്‍പ്പാണെങ്കിലും ഇതിന്റെ പഴം കഴിക്കുന്നത് വയറ്റിലെ അള്‍സറിനു ഫലപ്രദമാണ്. പ്രോട്ടീന്‍, കൊഴുപ്പ്, ധാന്യകം, കാത്സ്യം, നിയാസിന്, ജീവകം സീ ഇവയെക്കൂടാതെ സൊലാമൈന്‍ എന്നൊരു ആല്‍ക്കലോയിഡും അടങ്ങിയിട്ടുണ്ട്.
പച്ചക്കറിയും ഇലക്കറിയും
പച്ചക്കറിയായും ഇലക്കറിയായും മണിത്തക്കാളി ഉപയോഗിക്കാം. കായ്കള്‍ കൊണ്ടു വട്ടലുകള് ഉണ്ടാക്കാം. ഇലകളും തണ്ടുകളും ചീരപോലെയും ഉപയോഗിക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക