ഇന്ത്യൻ സ്പേസ് റിസര്‍ച്ച് ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കി നടൻ മാധവൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ടിൽ ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാനും സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തെ നമ്പി നാരായണനായുള്ള മാധവന്റെ വേഷപ്പകർച്ച സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിൽ വലിയ താരനിരയെത്തുന്ന വാർത്തകളും പരന്നത്.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ലോക്ക് ഡൗണിന് ശേഷം ആരംഭിക്കുമെന്നാണ് അറിയുന്നത്.
ചിത്രത്തിൽ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് എത്തുമെന്നാണ് ഇപ്പോള്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ മാധ്യമപ്രവര്‍ത്തകന്റെ ഭാഗം നടന് സൂര്യ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
മാധ്യമങ്ങളിൽ ഏറെ ചർച്ചയായ ജീവിതമാണ് നമ്പി നാരായണന്റേത്. ഐ എസ് ആർ ഒ യിൽ ക്രയോജനിക് വിഭാഗത്തിലെ എഞ്ചിനീയർ ആയിരുന്ന നമ്പി നാരായണനെ 1994 നവംബര്‍ 30 ന് ചാരവൃത്തി ആരോപിച്ചു അറസ്റ്റ് ചെയ്തതും മറ്റും ഏറെ ചർച്ചയായ സംഭവമാണ്. പിന്നീട് നിരപരാധിയാണന്നു മനസ്സിലാക്കിയതോടെ 1998 ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
നമ്പി നാരായണനുണ്ടായ മാനനഷ്ടത്തിന് നഷ്ടപരിഹാരം നൽകാനും കോടത് ഉത്തരവിടുകയുമുണ്ടായി. 2019 ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി രാജ്യം ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാധവൻ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക