നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹർ ആലിയ ഭട്ട് എന്നിവരടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സുശാന്തിന്റെ മരണത്തില്‍ അനുശോചിച്ച് ഇരുവരും രംഗത്ത് വന്നതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. സുശാന്തിന്റെ മരണത്തിൽ കരണ്‍ ജോഹറും ആലിയ ഭട്ടും മുതലക്കണ്ണീർ ഒഴുക്കുകയാണെന്നാണ് ആരാധകരുടെ ആക്ഷേപം. ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സുശാന്തിനെ പരിഹസിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരത്തിയാണ് വിമര്‍ശനം. സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയോടെ ബോളിവുഡില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
താരകുടുംബത്തില്‍ നിന്നുളളവരെ വിജയിപ്പിക്കുന്നതിന് വേണ്ടി മറ്റുളളവരെ ഒതുക്കുന്നത് കരണ്‍ ജോഹര്‍ അടക്കമുളള സംഘമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ആലിയ ഭട്ടിനെ അടക്കം സിനിമയിലേക്ക് അവതരിപ്പിച്ചത് കരണ്‍ ജോഹര്‍ ആണ്. കരണും ആലിയയും നേരത്തെ ടെലിവിഷന്‍ ഷോയില്‍ സുശാന്തിനെ പരിഹസിച്ചത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍ ആക്രമണം.
കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ ആലിയ ഭട്ട് അതിഥിയായി എത്തിയപ്പോഴായിരുന്നു സുശാന്തിന് നേരെയുള്ള പരിഹാസം. ബോളിവുഡിലെ മൂന്ന് നടന്മാരെ വിലയിരുത്താന്‍ കരണ്‍ ആലിയയോട് ആവശ്യപ്പെട്ടിരുന്നു. വരുണ്‍ ധവാന്, രണ്‍വീര്‍ സിംഗ്, സുശാന്ത് സിംഗ് രാജ്പുത് എന്നിവരായിരുന്നു വിലയിരുത്താനായി നൽകിയ താരങ്ങള്‍. എന്നാൽ ആരാണ് സുശാന്ത് എന്നാണ് ആലിയ അന്ന് ചോദിച്ചത്. ഇതാണ് ഇപ്പോൾ ആരാധകരെ രോഷം കൊള്ളിച്ചിരിക്കുന്നത്. ആരും തന്നെ പാര്‍ട്ടികള്‍ക്കൊന്നും ക്ഷണിക്കാറില്ലെന്ന് നേരത്തെ സുശാന്ത് തന്നെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ബോളിവുഡിൽ സ്വജനപക്ഷപാതത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കരണ്‍ ജോഹറാണ് എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
‘താന്‍ കടുത്ത നടുക്കത്തിലാണ് ഉളളത്. എത്രയൊക്കെ ചിന്തിച്ചിട്ടും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എത്ര പെട്ടെന്നാണ് നീ ഞങ്ങളെ വിട്ട് പോയത്. ഞങ്ങള്‍ ഓരോരുത്തര്‍ക്കും നിന്നെ മിസ്സ് ചെയ്യും. സുശാന്തിന്റെ ആരാധകര്‍ക്കും കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നു.’ എന്നാണ് ആലിയ സുശാന്തിന്റെ മരണത്തിൽ ഇപ്പോൾ കുറിച്ചിരിക്കുന്ന ട്വീറ്റ്. കടുത്ത വിമർശനങ്ങളാണ് ട്വീറ്റിന് താഴെ ആരാധകരുടെ മറുപടികൾ.
ഒരു വര്‍ഷത്തോളമായി സുശാന്തുമായി ഒരു ബന്ധവും ഇല്ലാത്തതിന് ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു . സുശാന്ത് ജീവിതം മറ്റൊരാളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ താനത് കാര്യമാക്കിയില്ല. ആ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. ബന്ധങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല അവ സൂക്ഷിക്കുകയും വേണം. എന്ന് കരണ്‍ ജോഹറും ട്വീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക