ലോകത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1.40 ലക്ഷം പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 5,126 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 4.55 ലക്ഷമായി ഉയർന്നു. ബ്രസീലിൽ 1,204 പേരും അമേരിക്കയിൽ 747 പേരും കൂടി മരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയിൽ 27,000 ത്തിലധികം പേർക്കും ബ്രസീലിൽ 23,000 ത്തിലേറെ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇതിൽ 45 ലക്ഷത്തിലേറെ പേർ രോഗവിമുക്തി നേടി.
കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട അമേരിക്കയിൽ 22.63 ലക്ഷം രോഗികളാണുള്ളത്. ഇതിൽ 9.3 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 1.20 ലക്ഷം പേരാണ് മരിച്ചത്. അമേരിക്കയ്ക്ക് പിന്നിൽ ബ്രസീലിൽ രോഗികൾ ദിനം പ്രതി വർധിക്കുന്നുണ്ട്. 9.83 ലക്ഷം പേർക്കാണ് ബ്രസീലിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 47,869 പേർ മരിച്ചു. റഷ്യയിൽ 7,790 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 5.61 ലക്ഷമായി ഉയർന്നു. 7,660 പേരാണ് മരിച്ചത്.
ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 3.66 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1.94 ലക്ഷം പേർ രോഗവിമുക്തരായി. ആകെ 12,237 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 5651 പേരും ഡൽഹിയിൽ 1904 പേരും ഗുജറാത്തിൽ 1560 പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം ഒരു ലക്ഷത്തിലേറെ രോഗികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക