തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹം വിടവാങ്ങിയത്. സച്ചിക്കൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ചും ആദരാഞ്ജലികള്‍ നേര്‍ന്നും നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നടി ഗൗരി നന്ദയുടെതായി വന്ന വികാരനിര്‍ഭര കുറിപ്പും ശ്രദ്ധേയമാകുകയാണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയില്‍ കണ്ണമ്മയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. സിനിമയിലെ കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. മുന്‍പ് മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും ഗൗരി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത് അയ്യപ്പനും കോശിയിലെ കഥാപാത്രത്തിലൂടെ തന്നെയാണ്.
സച്ചിയുടെ വേര്‍പ്പാട് തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഗൗരി നന്ദ തന്റെ കുറിപ്പിലൂടെ പറയുന്നു. ‘എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട്?. എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും “ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു. പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ. ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത്, എന്തിനാ ഇത്ര വേഗത്തിൽ പോയേ? എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന്… അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു. സച്ചിയുടെ ഓർമ്മകളിൽ ഗൗരി നന്ദ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക