ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറയെ അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വർഷം നവംബറിലാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. തായ്ലൻഡ് വിപണിയിൽ ആദ്യം എത്തിയ പുത്തൻ സിറ്റി സെഡാൻ ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.
പക്ഷെ കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം ലോഞ്ച് നീട്ടിവച്ചു. ഇപ്പോള്‍ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുത്തൻ സിറ്റി ജൂലൈയില്‍ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാർസ് ഇന്ത്യ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കൂടുതൽ എക്സിക്യൂട്ടീവ് ലുക്കിലാണ് പുത്തൻ സിറ്റി വില്പനക്കെത്തുന്നത്. അതെ സമയം തായ്ലൻഡിൽ അവതരിപ്പിച്ച മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ മോഡലിൽ ചില വ്യത്യാസങ്ങളുണ്ട്. എന്തൊക്കെയാണ് ഈ മാറ്റങ്ങൾ എന്നതടക്കം 2020 സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹോണ്ട കാർസ് ഇന്ത്യ പുറത്തുവിട്ടു. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർന, ഫോക്സ്വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നീ സെഡാനുകളോട് മത്സരിക്കുന്ന പുത്തൻ സിറ്റിയെ അടുത്തറിയാം.
ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോർഡിന്റെയും ഒരു മിശ്രണം, പുത്തൻ സിറ്റിയുടെ രൂപഭംഗിയെ ഇങ്ങനെ ചുരുക്കിപ്പറയാം. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതൽ പക്വതയുള്ളതും കൂടുതൽ എക്സിക്യൂട്ടീവും ആയ ഡിസൈൻ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിൾ സ്ലാറ്റ് ക്രോം ഗ്രിൽ പുത്തൻ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്.
ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എൽഇഡി ഹെഡ്ലാമ്പുകൾ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകർഷണം ഹെഡ്ലാംപ് മുതൽ ടെയിൽലാംപ് വരെ നീണ്ടു നിൽക്കുന്ന ഷോൾഡർ ലൈൻ ആണ്. ഷാർക്ക് ഫിൻ ആന്റിന, പുതിയ ഡിസൈനിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങൾ. കൂടുതൽ സ്റ്റൈലിഷ് ആണ് എൽഇഡി ടെയിൽലൈറ്റ്. പക്ഷെ ടെയിൽ ലൈറ്റ് ഒഴിച്ച് നിർത്തിയാൽ പിൻ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.
പുത്തൻ പ്ലാറ്റ്ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതൽ സുരക്ഷിതത്വമുള്ള പ്ലാറ്റ്ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷൻ, ഹാർനെസ്സ് ലെവലുകൾ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാൾ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തൻ സിറ്റിയുടെ അളവുകൾ. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതൽ സ്പോർട്ടിയായാണ് പുത്തൻ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീൽബേസിൽ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക