കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിനു കീഴിനുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവാണ് ഈ മാസം 21 വരെ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജൂൺ 18നാണ് ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു കോട്ടയം കലക്ടർക്ക് അനുവാദം നൽകി റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമുള്ള അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം. ഹർജി 21ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക