ലഖ്നൗ: കുറ്റവാളികള്‍ ഭയരഹിതരായി തീര്‍ന്നിരിക്കുകയാണെന്നും ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വദ്ര. കാണ്‍പുരില്‍ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പോലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ അവര്‍.
“പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ കുറ്റവാളികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് എട്ട് പോലീസുകാര്‍ക്കാണ് ജീവന് നഷ്ടമായത്. രക്തസാക്ഷികളായ അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് ഭയമില്ലാതായിരിക്കുന്നു”. പ്രിയങ്ക ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് പൊതുജനങ്ങളും പോലീസുകാരും സുരക്ഷിതരല്ലെന്ന് ട്വീറ്റില്‍ സൂചിപ്പിച്ച പ്രിയങ്ക ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി വികാസ് ദുബെയെ തേടി വെള്ളിയാഴ്ച പുലര്‍ച്ചെയെത്തിയ പോലീസ് സംഘത്തിന് നേരെ കുറ്റവാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക