”ഇനി ഈ കേരളത്തിൽ ആർക്കും ഇത് പോലെ വരരുത്. ഒരു കൊച്ചിനും ഇത് പോലെ വരരുത്. എനിക്കും ഒരു പെൺകൊച്ചാണ്. ഇങ്ങനെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയത് എന്ന് എനിക്കറിയില്ലായിരുന്നു”, എന്ന് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് പറയുന്നു.
രണ്ട് തവണയാണ് ഉത്രയെ കൊല്ലാൻ സൂരജ് പാമ്പിനെ വാങ്ങിയത്. മാർച്ച് 2-നും മാർച്ച് 26-നും ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാൻ സൂരജ് ശ്രമിച്ചു. മാർച്ച് 26-ന് രാത്രി ഉത്രയെ പാമ്പിനെ വിട്ട് കടിപ്പിച്ചപ്പോൾ ഉത്ര മരിക്കുകയായിരുന്നു. എത്ര കാലം ഇതിനായി പദ്ധതിയിട്ടു എന്ന് സൂരജിനോട് ചോദിച്ചപ്പോൾ സൂരജ് മറുപടിയില്ലാതെ പൊട്ടിക്കരയുകയായിരുന്നു.
അതേസമയം, ഇത്തരത്തിൽ കരഞ്ഞുകൊണ്ട് സൂരജ് നാടകം കളിക്കുകയാണെന്നാണ് ഉത്രയുടെ സഹോദരൻ വിഷു പറയുന്നത്. സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങുമെന്നായപ്പോൾ അവരെ രക്ഷിക്കാനായി സൂരജ് നാടകം കളിക്കുകയാണ്. അവർ പുറത്തുണ്ടെങ്കിൽ സൂരജിനെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരുമെന്ന് സൂരജിന് അറിയാമെന്നും വിഷു ആരോപിക്കുന്നു.
കേസിൽ സൂരജിന്റെ അച്ഛൻ ഇപ്പോൾ റിമാൻഡിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സമാനതകളില്ലാത്ത കേസിലെ പ്രതിയാണ് താനാണ് കുറ്റം ചെയ്തതെന്ന് സമ്മതിക്കുന്നത്. ഇതാദ്യമായാണ് സൂരജ് ഇത്തരത്തിൽ കുറ്റസമ്മതം നടത്തുന്നത്. ഇത് കേസിൽ നിർണായകമാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക