ബംഗളൂരു എഫ്സിയുടെ പ്രതിരോധ താരം നിഷു കുമാർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. നാലു വർഷത്തേക്കാണ് താരവുമായി ബ്ലാസ്റ്റേഴ്സ് കരാറൊപ്പിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ താരം 11-ാം വയസ്സിൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഫുട്ബോൾ രംഗത്ത് എത്തുന്നത്. മുൻപുള്ള സീസണുകളിൽ പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്ന സന്ദേശ് ജിങ്കനുമായി വേർപിരിഞ്ഞതോടെ ജിങ്കനോളം തന്നെ മിടുക്കനായ താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവുമധികം ശമ്പളമുള്ള ഇന്ത്യൻ പ്രതിരോധ താരം എന്ന റെക്കോർഡ് നിഷു സ്വന്തമാക്കിയിരിക്കുകയാണ്.
22 വയസ്സുകാരനാണ് നിഷു കുമാർ. 2011ൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിഷു അവിടെ 4 വർഷത്തെ പരിശീലനം പൂർത്തിയാക്കി. തുടർന്ന്, 2015ൽ ബെംഗളൂരു എഫ്സിയിലൂടെ നിഷു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറി. ക്ലബ്ബിനായി 70 -ൽ അധികം മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം പ്രതിരോധ നിരയിലെ നിർണായക താരമായിരുന്നു. പുതിയ സീസണിനു മുന്നോടിയായി മികച്ച ചില സൈനിംഗുകളാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക