കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കിണറിൽ വീണ് മരിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പുതുശേരിയിൽ സിജോയുടെ മകൻ എബേൽ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മുറ്റത്ത് സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ എബേലിൻറെ ശബ്ദം കേൾക്കാതെ വന്നതോടെ വീടിനകത്തുണ്ടായിരുന്ന മാതാവ് സോണിയ അന്വേഷിച്ചപ്പോഴാണ് കിണറിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
സോണിയ അലമുറയിട്ടതോടെ ഓടിയെത്തിയ അയൽവാസികൾ കയറുകെട്ടി കിണറിൽ ഇറങ്ങി എബേലിനെ കരയ്ക്കുകയറ്റി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുറ്റുമതിലുണ്ടെങ്കിലും വീട്ടുമുറ്റത്ത് നിന്നും അൽപ്പം താഴ്ന്ന നിരപ്പിലായിരുന്നു കിണർ സ്ഥിതിചെയ്തിരുന്നത്.
കുടുംബം ഇവിടെ വാടകയ്ക്കു താമസിയ്ക്കാൻ തുടങ്ങിയിട്ട് ആറുമാസമേ ആയുള്ളു. ടിപ്പർ ഡ്രൈവറാണ് സിജോ. ഏകസഹോദരൻ: ജോയൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക