പ്രധാനമന്ത്രിയുടെ സ്വനിധി പദ്ധതി (സ്ട്രീറ്റ് വെന്‍ഡേഴ്സ് ആത്മ നിര്‍ഭര്‍ നിധി)യ്ക്ക് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ തെരുവ് കച്ചവടക്കാരുമായി പ്രധാനമന്ത്രി നടത്തിയ സ്വനിധി സംവാദ് പരിപാടിക്കു പിന്നാലെയാണ് പ്രതികരണവുമായി അമിത് ഷാ എത്തിയത്. പദ്ധതി രാജ്യത്തെ ചെറുകിട കച്ചവടക്കാരെ സ്വയംപര്യാപ്തതയിലേയ്ക്ക് എത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വികസനമെന്നാല്‍ രാജ്യത്തെ ഓരോ പൗരന്റെയും വികാസമാണ്. സമൂഹത്തിലെ ഓരോ വിഭാഗത്തെയും ശാക്തീകരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനാണ് പ്രധാനമന്ത്രി. തെരുവു കച്ചവടക്കാര്‍ക്കു വേണ്ടിയുള്ള ഈ പദ്ധതി അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും പാവപ്പെട്ടവരോടുള്ള കരുതലിന്റെയും ഫലമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ പിഎം സ്വനിധി പദ്ധതി പ്രഖ്യാപിച്ചത്. മഹാമാരി മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട 50 ലക്ഷത്തോളം തെരുവു കച്ചവടക്കാരെ സഹായിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക