വിജയ് നായകനാവുന്ന മാസ്റ്ററിന് പിന്നാലെ പുതിയ ചിത്രവുമായി ലോകേഷ് കനകരാജ്. കമൽഹാസനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘മറ്റൊരു യാത്ര തുടരുന്നു’വെന്ന കുറിപ്പോടെ കമൽഹാസൻ തന്നെയാണ് ലോകേഷുമായുള്ള പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
തോക്കുകൾകൊണ്ടുള്ള കമൽഹാസന്റെ രൂപമാണ് പോസ്റ്ററിനെ ആകർഷണം. ‘ഒരിക്കൽ അവിടെയൊരു പ്രേതമുണ്ടായിരുന്നു…’എന്നും പോസ്റ്ററിൽ കുറിക്കുന്നു. കമൽഹാസന്റെ 232-ാമത്തെ ചിത്രമാണിത്. പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. അടുത്ത വർഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
വിജയ് നായകനായി എത്തുന്ന മാസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപാണ് ലോകേഷ് പുതിയ ചിത്രവുമായി എത്തുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.
ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകർ. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. കാർത്തി നായകനായി എത്തിയ കൈദിയിലൂടെയാണ് ലോകേഷ് കനകരാജ് തമിഴിലെ മുൻനിര സംവിധായകനായി ഉയർന്നത്. ലോകേഷിന്റെ അഞ്ചാമത്തെ ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക