പ്രശസ്ത ചെറുകഥാകൃത്ത് ഉണ്ണി ആറിന്റെ തിരക്കഥയില്‍, മലയാളത്തിലെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ മഞ്ജു വാര്യരെ നായികയാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. മഞ്ജു വാര്യര്‍, മാധുരി എന്ന സെയില്‍സ് ഗേള്‍ ആയി വേഷമിട്ടിരിക്കുന്ന ചിത്രം, സമൂഹത്തില്‍ ദിവസേന സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശം, ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവ് ബോണി കപൂര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ബോണി കപൂര്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, ബോണി കപൂറിന്്റെ മകളും, നടിയുമായ ജാന്‍വി കപൂര്‍ നായികയാകും.
നേരത്തെ, അന്ന ബെന്‍ അഭിനയിച്ച മലയാള ചിത്രം ‘ഹെലന്’, തമിഴില്‍ നയന്‍താര അഭിനയിച്ച ‘കുളമാവ് കോകില’ തുടങ്ങിയ ചിത്രങ്ങളുടെ ഹിന്ദി പകര്‍പ്പവകാശം ബോണി കപൂര്‍ ഇതുപോലെ മകള്‍ക്ക് വേണ്ടി കരസ്ഥമാക്കിയിരുന്നു.
2018 ല്‍ പുറത്തിറങ്ങിയ ‘ധടക്’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു ജാന്‍വി കപൂറിന്റെ സിനിമാരങ്ങേറ്റം. പിന്നീട്, നെറ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘ഗോസ്റ്റ് സ്റ്റോറീസ്’, ‘ഗുഞ്ചന് സക്സേന : ദ കാര്‍ഗില്‍ ഗേള്‍’ എന്നീ ചിത്രങ്ങളും ജാന്‍വിയുടേതായി പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക