ഐപിഎൽ 13-ാം പതിപ്പിൽ ചെന്നൈയുടെ പടയോട്ടം അവസാനിച്ചെങ്കിലും തുടർ വിജയങ്ങൾ കൊണ്ട് ആരെയും അത്ഭുതപ്പെടുത്തിയാണ് ധോനിയും സംഘവും ടൂർണമെന്റിലെ പ്രകടനങ്ങൾക്ക് വിരാമമിട്ടത്. ബോളുകൊണ്ടും ബാറ്റുകൊണ്ടും കിങ്സ് ഇലവൻ പഞ്ചാബിനെ നിഷ്പ്രഭമാക്കി അവസാന കളിയിൽ ജയം നേടിയ ചെന്നൈയുടെ തുടർച്ചയായ മൂന്നാം വിജയമായിരുന്നു അത്.
ഏഴ് പന്ത് ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിനാണ് ചെന്നൈ പഞ്ചാബിന് മേൽ ജയം നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെ പ്രകടനം ഏറെ ശ്രദ്ധനേടി. 49ൽ പന്തിൽ 62 റൺസാണ് ഋതുരാജ് ഇന്നലെ അടിച്ചെടുത്തത്. ഗെയ്ക് വാദിൽ നിങ്ങൾ ഒരു കുഞ്ഞു കോഹ്ലിയെ കാണുന്നില്ലേ എന്നാണ് ഫാഫ് ഡുപ്ലസി ഈ പ്രകടനത്തെക്കുറിച്ച് ചോദിച്ചത്.
ഋതുരാജിന് കൂട്ടായി തൊട്ടടുത്തുനിന്ന് ആ ഇന്നിങ്സ് കണ്ടശേഷമായിരുന്നു ഡുപ്ലസിയുടെ പ്രതികരണം. “ഞങ്ങൾക്ക് ഇത് നിരാശയുടെ സീസൺ ആയിരുന്നു. പക്ഷെ, അവസാനം ഞങ്ങൾ മൂന്ന് ജയങ്ങൾ നേടിയെടുത്തു. ഗെയ്ക് വാദിൽ നിങ്ങൾ ഒരു കുഞ്ഞു കോഹ്ലിയെ കാണുന്നില്ലേ.
സമ്മർദങ്ങളെ അതിജീവിക്കാൻ ആ ചെറുപ്പക്കാരന് സാധിക്കുന്നു എന്നതാണ് പ്രത്യേകത. യുവതാരങ്ങൾ അടുത്ത തലത്തിലേക്ക് ഉയരുന്നു എന്നത് ഈ ടൂർണമെന്റിലെ പ്രത്യേകതയാണ്” – ഡുപ്ലസി പറഞ്ഞതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക