സോനം കപൂറിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അങ്ങനെയൊരു വിഡിയോ സന്ദേശമാണ് സോനത്തിന്റെ അച്ഛനും നടനുമായ അനിൽ കപൂറിനു ലഭിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ മറ്റാരുമായി ബന്ധപ്പെടാനോ പൊലീസിനെ അറിയിക്കാനോ അനിലിനു കഴിയില്ല. ഇതിനു പിന്നിൽ സംവിധായകൻ അനുരാഗ് കശ്യപിന്റെ കൈകളാണോ?
ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയവുമായാണ് എകെ വേർസസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ വരവ്. ചിത്രത്തിന്റെ ട്രെയിലറിൽ നിന്നു തന്നെ ഇതു വ്യക്തം.
ഒരു പത്രസമ്മേളനത്തിനിടെ അനിൽ കപൂറിന്റെ മുഖത്തേയ്ക്ക് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന അനുരാഗ് കശ്യപിന്റെ ദൃശ്യങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതുഅനുഭവമാകും.
നെറ്റ്ഫ്ലിക്സ് ആണ് റിലീസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്വിറ്ററിലൂടെ ഇരുവരും വ്യാജ ഏറ്റുമുട്ടൽ നടത്തിയിരുന്നു.
പരസ്പരം കളിയാക്കിയും തെറിവിളിച്ചും നടത്തിയ ട്വീറ്റുകൾ ആരാധകരിലും ആശങ്ക ഉണർത്തിയിരുന്നു. പിന്നീട് ഈ സിനിമയുടെ ട്രെയിലർ റിലീസ് ആയതോടെയാണ് ഇതും വ്യാജമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക