ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം പഴം എന്നാക്കിയതോടെ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്ന അര്‍ത്ഥം വരുന്ന കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്നുമാണ് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചത്. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ കൃഷി ചെയ്യാമെന്ന് വ്യക്തമാക്കുകയാണ് നടന് കൃഷ്ണകുമാര്‍.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തണ്ട് കൊണ്ടു വന്നതും വളര്‍ത്തിയതിനെ കുറിച്ചും താരം വിവരിക്കുന്നത്. തണ്ട് നട്ട് പൂ വിരിഞ്ഞ് പഴം പാകമാകുന്നതു വരെയുള്ള വളര്‍ച്ച രീതികളും കൃഷ്ണകുമാര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തണ്ട് എവിടുന്ന് കിട്ടുമെന്ന് ചോദിക്കുന്നവര്‍ക്ക് നിര്‍ദേശവും കൃഷ്ണകുമാര്‍ നല്‍കുന്നുണ്ട്. ഹോം ഗ്രൗണ് എന്ന കമ്പനിയില്‍ വിളിച്ച് ചോദിച്ചാല്‍ അടുത്തുള്ള ഏത് നഴ്സറിയില്‍ കിട്ടുമെന്ന് കണ്ടുപിടിക്കാമെന്നും താരം വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.
ഡ്രാഗണ്‍ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നുമാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. ‘കമലം’ എന്നത് സംസ്കൃത പദമാണ്. താമരയുടെ രൂപമായതിനാല്‍ തന്നെ യോജിച്ചതാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് രൂപാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക