സ്വന്തം ക്രെഡിറ്റ് കാർഡിൽ നിന്നും പണം നഷ്ടപ്പെട്ടതിന്റെ കാരണം അറിഞ്ഞ അമ്പരപ്പിലാണ് ഒരു ഭാര്യ.
ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് കരുതിയ ഭാര്യ ഒടുവിൽ അതിനു കാരണക്കാരൻ സ്വന്തം ഭർത്താവാണെന്ന് തിരിച്ചറിഞ്ഞു. പണം ഉപയോഗിച്ചതാവട്ടെ, കാമുകിക്ക് ട്രാഫിക് പിഴയടക്കാൻ വേണ്ടിയും. ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടന്നതിന്റെ പേരിൽ ഫോണിൽ സന്ദേശം വന്നപ്പോഴാണ് ഭാര്യ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഉടൻ തന്നെ ബാങ്കിൽ വിളിച്ചു പറഞ്ഞ് കാർഡ് ബ്ലോക്ക് ചെയ്യിക്കുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. കാർഡ് ആരോ മോഷ്ടിച്ചു എന്നാണ് ഇവർ കരുതിയത്.
ട്രാഫിക് പിഴ അടയ്ക്കാൻ ഒരു അപരിചിതൻ തന്റെ കാർഡ് ഉപയോഗപ്പെടുത്തി എന്നായിരുന്നു ദുബായ് പൊലീസിന് ലഭിച്ച പരാതി എന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയെ പോലീസ് വിളിച്ചുവരുത്തി.
എന്നാൽ കാർഡ് ഹാക്ക് ചെയ്യപ്പെട്ടില്ല എന്ന ആശ്വാസകരമായ കാര്യം അവിടെവച്ച് അവരറിഞ്ഞു. പിന്നാലെ ആ ഞെട്ടിക്കുന്ന വാർത്തയുമെത്തി. കാർഡ് ഉടമയുടെ ഭർത്താവിന്റെ കാമുകിയായിരുന്നു കാർഡ് ഉപയോഗിച്ച് പണമടച്ചത്.
പക്ഷെ ചോദ്യംചെയ്യാനും വേണ്ടി ഭർത്താവിന്റെ കാമുകിയെ സൈബർ ക്രൈം വിഭാഗം വിളിച്ചപ്പോഴാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം ഉണ്ടായത്. തന്റെ ആൺ സുഹൃത്ത് വിവാഹിതനാണെന്ന കാര്യം അറിയില്ലായിരുന്നു എന്നായിരുന്നു യുവതി നൽകിയ മൊഴി.
വിവാഹിതനാണെന്ന കാര്യം മറച്ച് വച്ചതും ഭർത്താവിന് കുരുക്ക് മുറുകുകയായിരുന്നു. ഭർത്താവ് തന്റെ ക്രെഡിറ്റ് കാർഡ് കാമുകിക്ക് വേണ്ടി ഉപയോഗിച്ചു എന്ന കാര്യം ഭാര്യക്കും, തന്റെ കാമുകൻ വിവാഹിതനാണെന്ന വിവരം കാമുകിക്കും അറിയില്ലായിരുന്നു എന്ന കാര്യങ്ങൾ വാസ്തവമാണെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക