സമ്മാനങ്ങൾ എക്കാലവും ഓർമയിൽ തങ്ങി നിൽക്കുന്നതായിരിക്കും. പ്രത്യേകിച്ചും പ്രിയപ്പെട്ടവർ നൽകുന്ന സമ്മാനങ്ങൾ. സർപ്രൈസ് ഗിഫ്റ്റാണെങ്കിൽ തിളക്കം വീണ്ടും കൂടും. അങ്ങനെയൊരു ഗിഫ്റ്റ് കിട്ടിയതിന്റെ ഹാങ് ഓവറിലാണ് നടൻ ഗിന്നസ് പക്രുവിന്റെ മകൾ ദീപ്ത കീർത്തി.
വർണക്കലാസിൽ പൊതിഞ്ഞെത്തിയ ആ സമ്മാനപ്പൊതിയഴിക്കുമ്പോൾ നിറഞ്ഞ ആകാംഷയോടെ അരികിൽ നിൽക്കുകയാണ് ദീപ്തകീർത്തി. പൊതിയ്ക്കുള്ളിൽ തനിക്ക് പ്രിയപ്പെട്ട നായക്കുട്ടിയെയാണ് അച്ഛൻ ഒളിപ്പിച്ചതെന്നു കണ്ടതോടെ സന്തോഷം കൊണ്ടു മതിമറക്കുകയാണ് മകൾ. ‘ദീപ്തകീർത്തിയ്ക്കുള്ള സർപ്രൈസ്’ സമ്മാനമെന്ന കുറിപ്പോടെയാണ് അജയകുമാർ ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്റെയൊപ്പം ഇടയ്ക്കിടെ ഇത്തരം പരിപാടികൾക്കൊക്കെ ദീപ്തകീർത്തി പോകാറുണ്ട്. രണ്ടടി ആറിഞ്ച് പൊക്കവും കുറെയേറെ കഴിവുകളും കൊണ്ട് ആളുകളുടെ മനസ്സിലും ഗിന്നസ് ബുക്കിലും ഇടം നേടിയ ആളാണ് നമ്മുടെ പ്രിയപ്പെട്ട അജയകുമാർ. 2006 ലായിരുന്നു അജയകുമാർ വിവാഹിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക