പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത പിരിയോഡിക്ക് സിനിമ ഉറുമി ഇറങ്ങിയിട്ട് 10 വർഷം തികഞ്ഞു. ഈ വേളയിൽ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രവുമായി പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
ബറോസിലൂടെ സന്തോഷ് ശിവനൊപ്പം വീണ്ടും ഒന്നിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് തന്റെ പോസ്റ്റിൽ പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നുണ്ട്.
2011ൽ പുറത്തിറങ്ങിയ ഉറുമി ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപ്പിക കഥയാണ് പറയുന്നത്. വാസ്കോ ഡ ഗാമയുടെ കേരളത്തിലേക്കുള്ള വരവും ചിറക്കൽ കേളു നായർ എന്ന യുവാവും സംഘവും നടത്തുന്ന പോരാട്ടവുമായിരുന്നു ചിത്രത്തിന്റെ കഥ.
സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഉറുമി. പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജഗതി ശ്രീകുമാർ, ജെനീലിയ, വിദ്യ ബാലൻ, നിത്യ മേനോൻ, തബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം നിർമ്മിച്ചത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക