2011 ലെ ഇന്ത്യയുടെ ലോക കപ്പ് നേട്ടത്തിന് ഇന്ന് 10 വയസ് തികഞ്ഞിരിക്കുകയാണ്. 2011 ഏപ്രില്‍ 2 രാത്രിയിലാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോക കപ്പില്‍ മുത്തമിട്ടത്. 28 വര്‍ഷത്തിന് ശേഷമുള്ള ലോക കപ്പ് നേട്ടമായിരുന്നു ഇത്. ഇപ്പോഴിതാ 10 വര്‍ഷം പിന്നിട്ട നേട്ടത്തിന്റെ ആഘോഷങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യ ഇനിയൊരു ലോക കപ്പ് ജയിക്കുന്ന കാര്യം ചിന്തിക്കണമെന്നു പറഞ്ഞിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍.
‘ആ വിജയത്തിനു ശേഷം 10 വര്‍ഷം കടന്നുപോയി. ഇന്നലെ നടന്ന പോലെ എന്നെല്ലാം പറഞ്ഞ് ഗൃഹാതുരത്വം കൊള്ളാന്‍ ഞാനില്ല. ഇന്ത്യ അടുത്ത ലോക കപ്പ് ജയിക്കാന്‍ നേരമായി എന്നാണ് എന്റെ അഭിപ്രായം. ലോക കപ്പ് ജയിക്കുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല. ആ ഉത്തരവാദിത്തം ഞങ്ങള്‍ നന്നായി ചെയ്തു എന്നു മാത്രം’ ഗംഭീര്‍ പറഞ്ഞു.
2011 ലെ ലോക കപ്പിലെ ഫൈനലില്‍ 97 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയ ശില്പിയായ താരമാണ് ഗംഭീര്‍. സച്ചിനും സെവാഗും പുറത്തായിടത്തു നിന്ന് ധോണിക്കൊപ്പം നിന്നുള്ള ഗംഭീറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കന്‍ ബോളര്‍ നുവാന്‍ കുലശേഖരയെ ലോംഗ് ഓണ്‍ ബൗണ്ടറിക്കു മുകളിലൂടെ സിക്സര്‍ പറത്തി ധോണിയാണ് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്. അത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസിനുള്ളില്‍ നിറംമങ്ങാത്ത കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക