കാന്‍സറിനെ അതിജീവന കഥ ഹൃദ്യമായ വരികളിലൂടെ കുറിക്കുകയാണ് ശരത് ജയു. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടുതവണയാണ് കാന്‍സര്‍ തന്നെ പിടികൂടിയതെന്ന് ശരത് പറയുന്നു.
സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഞാന്‍ അതിന്റെ മുന്നില്‍ പകച്ചു നിന്നില്ല, ആശങ്കപെട്ടില്ലമറിച്ച് അതിനെ നേരിടാന്‍ മനസ്സിനെ പാകപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്ന് ശരത് പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ശരതിന്റെ കുറിപ്പ്..
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ജീവിതത്തോളം രസമുള്ള ഒരു ഗെയിം ഞാന്‍ ഒരു പ്ലേ സ്റ്റോറിലും കണ്ടിട്ടില്ല. നെഗറ്റീവ് പറഞ്ഞ് തളര്‍ത്തുന്നവര്‍ക്കിടയില്‍ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്. ശ്രീബുദ്ധന് പറഞ്ഞതുപോലെ നമ്മുടെ ജീവിതം എന്നത് നമ്മുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്.
കാന്‍സറിനെ ഒരിക്കലും നിങ്ങളെ നിര്‍വ്വചിക്കാന്‍ അനുവദിക്കരുത് മറിച്ച് നിങ്ങള്‍ ആയിരിക്കണം, നിങ്ങളുടെ ജീവിതം ആയിരിക്കണം കാന്‍സറിനെ നിര്‍വച്ചിക്കേണ്ടത്.
നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട് എങ്കിലും ആ ദിവസങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. പറക്കാന്‍ ചിറകുകള് വേണമെന്നില്ല ഉള്ളിലൊരു ആകാശം ഉണ്ടായാലും മതി.
കാന്‍സര്‍ എന്റെ ജീവിതത്തിലേക്ക് രണ്ട് തവണയാണ് വന്നത് അതും ആഴ്ചകളുടെ വ്യത്യാസത്തില്‍. ആദ്യതവണ നേരിട്ടതിനെക്കാളും കൂടുതല്‍ മനസ്സാന്നിധ്യത്തോടെ ആണ് രണ്ടാംതവണ ഞാന്‍ അതിനെ നേരിടുന്നത്.
സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഞാന്‍ അതിന്റെ മുന്നില്‍ പകച്ചു നിന്നില്ല, ആശങ്കപെട്ടില്ല. മറിച്ച് അതിനെ നേരിടാന്‍ എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.
ഒന്നും കാത്തുസൂക്ഷിക്കാത്തവന്റെ ചുരുട്ടിപ്പിടിച്ച ഉള്ളംകൈയില്‍ നിറയെ ഭംഗിയുള്ള ശൂന്യതകള്‍ ആണ്. ‘ഒന്നുമില്ല’ എന്ന ഒറ്റ ഉത്തരത്തില്‍ എത്രമാത്രം സങ്കടങ്ങളാണ് നമ്മളോരോരുത്തരും മറച്ചുവെക്കുന്നത്.
മരണം കൊണ്ടു പോകാത്തത് ഒന്നേയുള്ളൂ ഈ ലോകത്ത്, മറ്റുള്ളവരുടെ ഉള്ളില്‍ നിങ്ങള്‍ പതിച്ച പുഞ്ചിരി. മനസ്സറിഞ്ഞ് നമുക്ക് ചിരിക്കാന്‍ കഴിയുന്ന കാലം വരെ നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല, ഒന്നിനും ആവില്ല.
കാന്‍സറിന് എന്നെ പീഡിപ്പിക്കാന്‍ ആവും, എന്റെ ശരീരം നശിപ്പിക്കാന്‍ ആവും പക്ഷേ എന്റെ മനസ്സിനെ തളര്‍ത്താന്‍ ഒരിക്കലും സാധിക്കുകയില്ല.
ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും, ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും അതിന്റെ ശക്തി കൊണ്ടല്ല നിര്‍ത്താതെയുള്ള പരിശ്രമത്താല്‍.
ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു ഫോട്ടോ നന്നാക്കാം. എങ്കില്‍ എന്നും പുഞ്ചിരിച്ചാല്‍ ജീവിതവും നന്നാവും…
NB: അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകള്‍ ക്യാന്‍സര്‍ വരുന്നതിനു മുന്‍പും അതിനു ശേഷവും എടുത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക