ലോകം മുഴുവൻ കോവിഡ് രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഒരു രീതിയാണ് വ്യത്യസ്ത രീതിയിലുള്ള മാസ്ക്കുകൾ (കോട്ടൺ മാസ്ക്, സർജിക്കൽ മാസ്ക്, N 95 മാസ്ക് ). രോഗം പകരുന്നത് തടയിടാൻ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന ഒന്നാണ് മാസ്ക്കുകൾ. മാസ്ക്കിലൂടെ ബ്ലാക്ക് ഫംഗസ് പകർന്നു കിട്ടാനുള്ള സാധ്യത ഉണ്ടോ?
ഈ ഒരു കാര്യം കേട്ടിട്ട് ചിലരെങ്കിലും ഭീതിയോടെ മാസ്കുകൾ ഉപയോഗിക്കുന്നത് മാറ്റിവയ്ക്കുന്നതിനിടയായാൽ അപൂർവമായിട്ട് കിട്ടിയേക്കാവുന്ന ഒരസുഖത്തിനെ ഭയന്നു കൊണ്ട് ഇവിടെ നടമാടുന്ന കോവിഡ് രോഗം തന്നെ ഏറ്റുവാങ്ങാനുള്ള സാധ്യത ഉണ്ട് എന്നുള്ളത് മറന്നു കൂടാ.
മാസ്കിലൂടെ പകർച്ചാ സാധ്യത എത്രമാത്രം ഉണ്ട്?
ബ്ലാക്ക് ഫംഗസ് എന്നത് ഇന്നും ഇന്നലെയുമുള്ളതല്ല. പഴയ കാര്യമാണ്. ഫംഗസുകൾ സർവവ്യാപിയാണ്. ചീഞ്ഞളിയുന്ന പച്ചക്കറികളിലും മണ്ണിലും നമ്മുടെ ചുറ്റുവട്ടത്തും വായുവിലും ഒക്കെ ഇതിന്റെ കണികകൾ പറന്നു നടക്കുന്നുണ്ട്.
പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന മിക്കയിടങ്ങളിലും, നനവുള്ള ഇടങ്ങളിൽ ഈ ഫംഗസ് വളരാൻ സാധ്യത ഉണ്ട്.
മാസ്ക് മാത്രം അങ്ങനെ അല്ലാതിരിക്കില്ല. നനവുണ്ടാകുമ്പോൾ അവിടെ ഫംഗസ് ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് ആരെങ്കിലും ഈ കാര്യം ഭയന്ന് മാസ്ക് ഉപയോഗിക്കാതിരിക്കുകയല്ല, മറിച്ച് മാസ്ക് ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക.
കോട്ടൺ മാസ്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് കഴുകി വെയിലത്തോ ഇസ്തിരിയോ വച്ച് ഉണക്കി ഉപയോഗിക്കുമ്പോൾ ഫംഗസിനുള്ള ഒരു സാധ്യതയും ഉണ്ടാവില്ല. മറ്റു മാസ്കുകൾ ആണെങ്കിലും നനവില്ലാതെ ഡ്രൈ ആയിട്ടുതന്നെ ഉപയോഗിക്കണം.
നമ്മുടെ സാഹചര്യത്തിൽ മാസ്ക്കുകൾ ഒരിക്കൽ മാത്രം ഉപയോഗിച്ച് കളയാനുള്ള അത്രയും സാമ്പത്തിക ശേഷി നമ്മുടെ രാജ്യത്തിനില്ല. ഉപയോഗിച്ചത് വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരും. അത്തരം അവസ്ഥകളിൽ മാസ്കുകൾ നനവില്ലാത്ത രീതിയിലാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കണം.
N 95 മാസ്ക് ആണെങ്കിൽ എടുത്ത് രണ്ടാമത് ഉപയോഗിക്കുന്ന സമയങ്ങളിൽ ശ്രദ്ധിക്കുക. നമ്മൾ എവിടെയാണ് ഇത് വയ്ക്കുന്നത്, മേശപ്പുറത്തു വച്ച് അത് താഴെ വീഴുകയോ ഒക്കെ ചെയ്യുന്ന സാഹചര്യങ്ങൾ ശ്രദ്ധിക്കണം.
വീണ്ടും വീണ്ടും ഉപയോഗിക്കുന്ന രീതിയാകുമ്പോൾ അത് ശ്രദ്ധയോടു കൂടി ഉപയോഗിക്കണം. ഡ്രൈ ആയി തന്നെ ഉപയോഗിക്കണം. ഇത്രയും ശ്രദ്ധിക്കണമെന്ന് മാത്രമേ ഉള്ളൂ. അതിലൂടെ ഈ ബ്ലാക്ക് ഫംഗസ് പകർന്നു കിട്ടാനുള്ള സാധ്യത വളരെ അപൂർവമേ ഉള്ളൂ. അതും രോഗപ്രതിരോധ ശേഷി കുറവുള്ളവരിൽ മാത്രം.
ഇക്കാര്യം പറഞ്ഞു കൊണ്ട് പേടിയായി മാസ്കുകൾ ഉപേക്ഷിച്ച് കളയരുത്. കാരണം വളരെ അപൂർവമായ ഒരു കാര്യത്തെ ഭയന്നുകൊണ്ട് കോവിഡ് ഏറ്റുവാങ്ങുന്ന ഒരവസ്ഥയിലേക്ക് വരരുത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. കെ. കെ. പുരുഷോത്തമൻ, ഇൻഫോ ക്ലിനിക്
പ്രതികരിക്കാൻ ഇവിടെ എഴുതുക