ന്യൂഡല്‍ഹി: ഫാസ്ടാഗ് നടപ്പാക്കിയ ശേഷവും പല ടോള്‍ പാതകളിലും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവുന്ന സാഹചര്യത്തിൽ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ വാഹന നിര 100 മീറ്ററിലധികം നീണ്ടാല്‍ നിശ്ചിത പരിധിക്കുള്ളിലെത്തുന്നതുവരെ ടോള്‍ ഈടാക്കാതെ വാഹനം കടത്തി വിടാന്‍ ദേശീയ പാതാ അതോറിറ്റിയുടെ നിര്‍ദ്ദേശം.
രാജ്യത്ത് 96% ഫാസ്ടാഗുകള്‍ ആയ സാഹചര്യത്തില്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു വാഹനം ടോള്പ്ലാസയിലുണ്ടാകരുതെന്നും എന്‍എച്ച്എഐ നിര്‍ദേശിച്ചു.
100 മീറ്ററിലധികം വാഹനനിര നീളരുത്. നീണ്ടാല്‍ 100 മീ. പരിധിക്കുള്ളില്‍ നിര വരുന്നതുവരെ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിടും. 100 മീറ്റര്‍ പരിധി ഉറപ്പാക്കാന്‍ ഓരോ ടോള്‍ ലെയ്നിലും മഞ്ഞ നിറത്തില്‍ വരകളുണ്ടാവും. ഏറ്റവും തിരക്കേറിയ സമയത്തു പോലും 10 സെക്കന്‍ഡിലധികം ഒരു വാഹനത്തിന് ടോള്‍പ്ലാസയില്‍ ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകരുത്. ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം ടോള്‍ ബൂത്ത് ജീവനക്കാരില്‍ നിന്നുണ്ടാകണമെന്നും എന്‍എച്ച്എഐ നിര്‍ദേശിച്ചു.
പുതിയ നിര്‍ദ്ദേശം ഫാസ്ടാഗുള്ള വാഹനങ്ങളുടെ ട്രാക്കിനു മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക