തലമുടി കരുത്തോടെ വളരാൻ നല്ലതാണ് ചെമ്പരത്തി ഹെയർ മാസ്ക്കുകൾ. ചെമ്പരത്തിയുടെ പൂവ്, ഇല എന്നിവയും ഏതാനും പ്രകൃതിദത്ത കൂട്ടുകളും ചേർത്ത് വളരെ എളുപ്പം തയ്യാറാൻ കഴിയുന്ന ഇവ മുടി കൊഴിച്ചിൽ, താരൻ എന്നിവ അകറ്റി മുടി മൃദുലവും കരുത്തുറ്റതുമാക്കാൻ സഹായിക്കുന്നു.
ഒരു ചെമ്പരത്തി പൂവ്, മൂന്നോ നാലോ ചെമ്പരത്തി ഇല, നാല് ടേബിൾ സ്പൂൺ തൈര് എന്നിവയാണ് ഈ ഹെയർ മാസ്ക് തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ. ശേഷം ചെമ്പരത്തി ഇലകളും പൂവും അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് തൈര് ചേർത്ത് മിക്സ് ചെയ്യുക. തലമുടിയിലും വേരുകളിലും ഈ മിശ്രിതം തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം. ഇത് പോലെ ചെമ്പരത്തി- മൈലാഞ്ചി മാസ്ക് തയ്യാറാക്കാം.
ചെമ്പരത്തി പൂക്കളും ഇലകളും എടുക്കുക. അത്രയും അളവിൽ തന്നെ മൈലാഞ്ചി ഇലകളും വേണം. മൂന്നും നല്ലതുപോലെ അരയ്ക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ കൂട്ടിലേക്ക് അരമുറി ചെറുനാരങ്ങ നീരും ചേർക്കണം. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുടിയിഴകളിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മികച്ചൊരു കണ്ടീഷനർ കൂടിയാണിത്.
ചെമ്പരത്തിയില അരച്ചതിലേക്ക് നെല്ലിക്ക പൊടിച്ചത് ചേർത്തു മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ഈ കൂട്ടിലേക്ക് കുറച്ചു വെള്ളം കൂടി ചേർക്കാം. ശേഷം ഈ മിശ്രിതം തലമുടിയിലും വേരുകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 40 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് തലമുടിയുടെ വളർച്ചയ്ക്കും കരുത്തും വർധിപ്പിക്കാൻ മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക