ഉത്തർപ്രദേശിൽ യുവതിയെ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജ് നഗരത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്.
കുടല് സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്റെ ഭാഗമാണ് ഈ ആശുപത്രി. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ ഓപ്പറേഷന് തീയേറ്ററിന് പുറത്ത് കൊണ്ടുവന്നത്. ഓപ്പറേഷന് ശേഷവും കടുത്ത വേദനയില്‍ ബുദ്ധിമുട്ടുകയായിരുന്നു സഹോദരിയെന്നും സംസാരിക്കാന്‍ ശ്രമിച്ച് നടക്കാതെ വന്നുവെന്നും സഹോദരന് പരാതിയിൽ പറയുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം ഒരു കടലാസില്‍ ഓപ്പറേഷന് തിയേറ്ററില്‍ നാല് ഡോക്ടർമാർ ചേർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതി കുറിയ്ക്കുകയായിരുന്നുവെന്ന് സഹോദരന് പരാതിയില്‍ വ്യക്തമാക്കി.
എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എസ് പി സിംഗ് പറഞ്ഞു. യുവതിയെ ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്നത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആയിരുന്നുവെന്നും എസ് പി സിംഗ് വിശദമാക്കി. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ സമിതി അന്വേഷണം നടത്തുമെന്നും രോഗിയുടെ മെഡിക്കല്‍ പരിശോധനയടക്കം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ് പി സിംഗ് കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജിന്റെ പേര് നശിപ്പിക്കാനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും എസ് പി സിംഗ് വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക