യാദ്ഗീർ: കടബാധ്യതയെ തുടർന്ന് കർഷക കുടുംബത്തിലെ ആറ് പേർ കുളത്തിൽ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഭീമരായ സുർപുര(45), ഭാര്യ ശാന്തമ്മ(36), മക്കളായ സുമിത്ര(13), ശ്രീദേവി (12), ശിവരാജ(9), ലക്ഷ്മി(8) എന്നിവരെയാണ് കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കുളത്തിലേക്ക് തള്ളിയിട്ടതിന് ശേഷം മാതാപിതാക്കൾ ചാടി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസ് നിഗമനം.
അഗ്നിശമന സേനയെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രണ്ടേക്കറിൽ കൃഷി ചെയ്യാനായി 20 ലക്ഷം രൂപ ഭീമമായ വായ്പയെടുത്തതിനെ തുടർന്നുള്ള സാമ്പത്തിക ബാധ്യതയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പലിശ ഇടപാടുകാർ ഇവരെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി അയൽവാസികൾ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക