പുനെ, ബെംഗളൂരു എന്നീ നഗരങ്ങളിൽ നിർത്തിവച്ച ഐക്കണിക്ക് ഇരുചക്ര വാഹന മോഡലായ ചേതക്കിൻറെ ബുക്കിംഗ് വീണ്ടും തുടങ്ങി ബജാജ്. ഏതാനും മാസങ്ങൾക്ക് മുമ്പ് നിർത്തിവച്ച ബുക്കിംഗാണ് കമ്പനി വീണ്ടും തുടങ്ങുന്നതെന്നും 2000 രൂപയടച്ച് ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം എന്നും റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം ഏപ്രിൽ 13-ന് ബുക്കിങ്ങ് ആരംഭിച്ചെങ്കിലും 48 മണിക്കൂറിനുള്ളിൽ വാഹനം വിറ്റുത്തീരുകയായിരുന്നു. മൈസൂർ, ഔറംഗാബാദ്, മംഗലാപുരം തുടങ്ങിയ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങലിൽ ബുക്കിംഗ് തുടങ്ങിയിരുന്നു.
ഐതിഹാസിക മോഡലായ ചേതക്കിനെ ഇലക്ട്രിക് കരുത്തിൽ 14 വർഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായിട്ടായിരുന്നു ചേതക്കിൻറെ മടങ്ങിവരവ്.
ബജാജിന്റെ തന്നെ ഇലക്ട്രിക് വാഹന ബ്രാൻഡായ അർബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബർ 17ന് ആയിരുന്നു വാഹനത്തിൻറെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ചേതക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേൺ ബാറ്ററിയാണ് ചേതക്കിൻറെ ഹൃദയം. സ്റ്റാന്റേർഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാർജ് ചെയ്യാം. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്കൂട്ടറിന് സ്പോർട്, ഇക്കോ എന്നിങ്ങനെ രണ്ടു ഡ്രൈവ് മോഡുകളുണ്ട്.
പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണ് ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടറും ചേതക്കാണ്.
പേരിൽ അല്ലാതെ പഴയ ചേതക്കിനോട് രൂപത്തിൽ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. റെട്രോ ഡിസൈനിനു പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ ഓവറോൾ രൂപകൽപന.
എൽഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വളഞ്ഞ ബോഡി പാനലുകൾ, സ്പോർട്ടി റിയർവ്യൂ മിറർ, 12 ഇഞ്ച് വീൽ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ചേതക്കിനെ വേറിട്ടതാക്കുന്നു. നിരവധി സവിശേഷതകൾ വാഹനത്തിൽ കാണാൻ സാധിക്കും.
റെട്രോ ഡിസൈന് പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ രൂപകൽപന. എൽഇഡി ഹെഡ്ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിസ്ക് ബ്രേക്കുകൾ, എബിഎസ്, റിവേഴ്സ് അസിസ്റ്റ് ഫങ്ഷൻ എന്നിവയെല്ലാം സ്കൂട്ടറിന്റെ സവിശേഷതകളാണ്.രണ്ട് വകഭേദങ്ങളിലും ആറ് നിറങ്ങളിലുമാണ് ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക