കണ്ണൂർ: ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇ ബുൾജെറ്റ് വ്ലോഗർ സഹോരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എബിൻ, ലിബിൻ എന്നിവർക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആൾജാമ്യവും വേണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി വ്ലോഗർ സഹോദരൻമാരോട് തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാൻഡ് ചെയ്തിരുന്നു. അതേസമയം ഇ ബുൾജെറ്റ് വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന കാരവന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക