ഗോത്രവർഗക്കാർക്കൊപ്പം നൃത്തം ചവിട്ടിയും ഡ്രം കളിച്ചും വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ലോക ഗോത്ര ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് ജാഗ്രാമിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ള വീഡിയോയിലാണ് മമതയുടെ ദൃശ്യങ്ങൾ കാണുന്നത്.
തന്റെ വെളുത്ത സാരിക്കു മുകളിൽ ഗോത്ര വർഗക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ച മമത ജുമൂർ താളത്തിനൊത്താണ് നൃത്തം ചവിട്ടിയത്. വെസ്റ്റ് ബംഗാളിലെയും ധംസയിലെയും ആളുകൾ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള ഡ്രം പോലെയുള്ള വാദ്യോപകരണമായ ജുമൂറിലും മമത കൈവെക്കാൻ മറന്നില്ല.
വാർത്താ വിതരണ ഏജൻസിയായ എഎൻഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഗോത്ര സംസ്കാരങ്ങളോട് ഇഴുകിച്ചേരാൻ ശ്രമിച്ച മുഖ്യമന്ത്രിയെ നിരവധി പേരാണ് പ്രശംസിച്ചത്. പരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി രാജ്യത്തൂടനീളെ ട്രൈബൽ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ലോക ഗോത്ര ദിനം ക്വിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നുവെന്നും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ഗോത്ര വർഗക്കാരുടെ പങ്ക് അവിസ്മരണീയമാണെന്നും അവർക്കു മുന്നിൽ ശിരസ് കുനിക്കുന്നുവെന്നും മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക