നാളിതു വരെ കാണാത്ത കോവിഡെന്ന മഹാമാരിയെ കണ്ട് ലോകം മുഴവൻ പകച്ച് നിന്നപ്പോൾ സ്വജീവൻ തൃണവൽഗണിച്ച് കരുതലോടെ കരുണയോടെ കാത്ത ദൈവത്തിന്റെ കരസ്പർശമുള്ള പല്ലശ്ശനയിലെ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഞ്ജലിയുമായി കുട്ടികളുടെ കൂട്ടായ്മയായ തണൽ പ്രാഥമിക ആരോഗ്യ കന്ദ്രത്തിലെത്തിയത് നവ്യാനുഭവമായി.
ആശാ വർക്കർമാരുടേയും, നഴ്സ്മാരുടേയും, ഡോക്ടർമാരുടേയും, ക്ലറിക്കൽ ജോലിക്കാരുടേയും ഉയിരുണങ്ങാത്തൊരലിവിന് നന്ദിയുടെ സ്തുതിഗീതങ്ങൾ ആലേഖനം ചെയ്ത ഫലകങ്ങൾ നൽകിയാണ് തണൽ മുന്നണ്ണിപ്പോരാളികൾ താങ്ങിയ ചുമടുകൾക്ക് ആദരവ് അർപ്പിച്ചത്.
ഏതാണ്ട് അൻപതോളം പ്രവർത്തകരെയാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുട്ടികൾ നടത്തിയ ചടങ്ങിൽ ആദരിച്ചത്.
തണൽ രക്ഷാധികാരി കെ ഷാജികുമാറിന്റെ നേതൃത്വത്തിൽ പല്ലശ്ശന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നോഡൽ ഓഫീസറുമാരുമായി ബന്ധപ്പെട്ട് ആരോഗ്യരംഗത്തെ മുന്നണ്ണിപ്പോരാളികളുടെ കണക്കുകളും പേരുകളും കുട്ടികളുടെ സഹായത്തോടെ ശേഖരിച്ചാണ് തണൽ സ്നേഹാഞ്ജലി സംഘടിപ്പിച്ചത്.
വ്യത്യസ്തമായ രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ഖ്യാതി നേടിയ കുട്ടികളുടെ കൂട്ടായ്മയായ തണൽ കഴിഞ്ഞ മാസം സ്നേഹാഞ്ജലിയുടെ മുന്നോടിയായി ആരോഗ്യ പ്രവർത്തകർക്ക് ഇടനേര ഭക്ഷണപ്പൊതികളുമായി പല്ലശ്ശന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു.
കെ ഷാജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മൂന്നാം വാർഡ് മെമ്പർ കെ അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പല്ലശ്ശന പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ സജില എ ആരോഗ്യ പ്രവർത്തകർക്കുള്ള ഫലകങ്ങൾ വിതരണം ചെയ്തു. ശ്രീലക്ഷ്മി ശബരീഷ് സ്വാഗതവും ദിൽജിത് ഡി നന്ദിയും പറഞ്ഞ ചടങ്ങിൽ
ഡി.എം.എസ്.ബി.എസ്. കാക്കയൂരിലെ പ്രധനാധ്യാപകൻ കെ.ജി അനിൽകുമാർ, അസിസ്റ്റൻറ് സർജൻ രശ്മി എ എസ് എന്നിവർ സംസാരിച്ചു. കെ ശിവദാസൻ, എസ് സുമി ഷാജി, അജയ് കൃഷ്ണ, ആർ സതീഷ്, അനേക് പി, ആർ ഗോപാലകൃഷ്ണൻ, എസ് റോബിൻ, ഗിരീഷ് എ, എസ് ബാലകൃഷ്ണൻ, സതീഷ് കുമാർ ആർ , വിസ്മയ സുകുമാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ലോകം കോവിഡിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽ ഏറ്റവും സമാദരണീയരായ ആളുകൾ മുന്നണ്ണിപ്പോരാളികൾ തന്നെയാണെന്നും അവർക്ക് പ്രചോദനം നൽകുന്ന ഏത് പ്രവൃത്തികം അഭിനന്ദനീയമാണെന്നും
പ്രത്യേക സന്ദേശത്തിൽ നെന്മാറ നിയമസഭാ സാമാജികൻ കെ ബാബു പറഞ്ഞു.
മുൻനിര ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും മുഖാവരണങ്ങളും കയ്യുറകളും തണൽ നേരത്തേ തന്നെ നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക