ഒമാനില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട് . സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് നടപടി.
രണ്ട് ഡോസ് വാക്സിന് അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം.
ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ആര്.ഒ.പി വെബ്സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത് മനസിലാക്കാന്‍ സാധിക്കും.
ആറു മാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന് സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുന്നത് നിര്‍ബന്ധമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക