ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താം. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാരെ യുഎഇ സ്വീകരിക്കാനൊരുങ്ങുന്നത്.
നാളെ മുതൽ സന്ദർശക, വിനോദസഞ്ചാരവീസക്കാർക്ക് നേരിട്ട് പ്രവേശിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ അറിയിച്ചു. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും പൂർണമായും സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.
പുതിയ തൊഴിൽ വീസക്കാർക്കും യാത്ര ചെയ്യാം. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവീഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാം. കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. വാക്സീൻ സ്വീകരിച്ചവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും നാലു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ വച്ചും പിസിആർ പരിശോധന നടത്തണം.
യുഎഇയിലെത്തിയ ശേഷം അൽ ഹൊസൻ മൊബൈൽ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സീൻ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. വാക്സീൻ സ്വീകരിച്ചവർക്കുള്ള ഇളവുകൾ ലഭിക്കുന്നതിന് അൽ ഹൊസൻ ആപ്പ് നിർബന്ധമാണ്. അതേസമയം, താമസവീസക്കാർക്ക് നിലവിലുള്ള യാത്രനിയമങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക