തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്കുന്ന മൊബൈല്‍ ആപ്പ് കേരള ടൂറിസം പുറത്തിറക്കി.
കോവളം റാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് ആപ്പ് പുറത്തിറക്കിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആപ്പ് പുറത്തിറക്കിയത്.
ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ എത്തുമെന്നതിനൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആകര്‍ഷകമായ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ ആഗോള തലത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആകര്‍ഷകമായ വിനോദസഞ്ചാര ഇടങ്ങള്‍ അനുഭവമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ആപ്പിന്റെ സമാരംഭം വലിയ അനുഗ്രഹമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വിനോദസഞ്ചാരികള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. വേണു പറഞ്ഞു. ഈ ഉപയോക്തൃ-സൗഹൃദ ആപ്പ് തയ്യാറാക്കുമ്ബോള്‍ ടൂറിസം മന്ത്രിയുടെ നേരിട്ടുള്ള സംഭാവന ഉണ്ടായിരുന്നു. ഉപയോക്താവ് സൃഷ്ടിക്കുന്ന ഉള്ളടക്കം ചേര്‍ക്കാനുള്ള സൗകര്യം ആപ്പിലുണ്ട്. ഇത് ആപ്പിന് കൂടുതല്‍ വളരാനും വൈവിധ്യം നല്‍കാനും അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക