ആഗോളപരമായി ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്.
ട്വീറ്റുകളിലൂടെയാണ് ബില്‍ ഗേറ്റ്സ് ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചത്. ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടരുന്നതെന്നും, അധികം വൈകാതെ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമെത്തുമെന്നും ബില്‍ ഗേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.
കോവിഡിന്റെ ഏറ്റവും മോശം കാലഘട്ടത്തിലേക്കാകാം നാം കടക്കുന്നതെന്ന വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കുന്നതിന്റെയും വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിന്റെയും വാക്സിനെടുക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതിനൊപ്പം, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് നല്ലതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വകഭേദം സംബന്ധിച്ച പരിമിതമായ അറിവുകള്‍ മാത്രമേ നിലവിലുള്ളു. അതിനാല്‍ വളരെ ഗൗരവത്തോടെ അതിനെ സമീപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടാതെ, തന്റെ അവധിക്കാല പദ്ധതികളില്‍ മിക്കതും ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ 3-ല്‍ നിന്ന് 73 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ബില്‍ ഗേറ്റ്സ് മുന്നറിയിപ്പുമായെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക